ശാസ്താംകോട്ട : സിപിഐ ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കൽ കമ്മറ്റിയിൽ പൊട്ടിത്തെറി.നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ
നൂറ്റി അൻപതോളം പേരാണ് പാർട്ടി വിട്ടത്.ലോക്കൽ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് ഭാരവാഹികളും അടക്കം ഇരുപത്തി അഞ്ചോളം പാർട്ടി അംഗങ്ങളും നൂറിലധികം അനുഭാവികളും പാർട്ടി വിട്ടതായി നേതാക്കൾ അറിയിച്ചു.വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിച്ചു വരുന്നവർക്ക് അർഹമായ പരിഗണന നൽകാതെ ചില തൽപ്പരകക്ഷികൾ പാർട്ടി ഭാരവാഹിത്വങ്ങളും സ്ഥാനമാനങ്ങളും പങ്കിട്ടെടുക്കുകയാണന്ന് ഇവർ ആരോപിച്ചു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിത്വം അടക്കം ഇതാണ് സ്ഥിതി.ഇത് സംബന്ധിച്ച് മേൽഘടകങ്ങളിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.ഈ നിലപാടിൽ പ്രതിഷേധിച്ച് നിരവധി പേർ മുൻപ് തന്നെ പാർട്ടി വിട്ട് പോയിട്ടുണ്ട്.ഏറ്റവും ഒടുവിൽ ശാസ്താംകോട്ട സർവ്വീസ് സഹകരണ ബാങ്കിൻ്റെ പള്ളിശ്ശേരിക്കൽ ബ്രാഞ്ച് ആരംഭിക്കുമ്പോൾ പള്ളിശ്ശേരിക്കൽ ലോക്കൽ കമ്മറ്റിയിൽ നിന്ന് ഒരാൾക്ക് ജോലി നൽകാം എന്ന് ഉറപ്പ് നൽകിയിരുന്നങ്കിലും നിയമനം നടത്തിയപ്പോൾ വാഗ്ദാനം പാലിക്കപ്പെട്ടില്ല.ലോക്കൽ കമ്മറ്റിയിൽ പോലും ചർച്ച ചെയ്യാതെ നേതാക്കളുടെ ഇഷ്ടക്കാരന്
ജോലി നൽകുകയായിരുന്നു.ഇതിന് പിന്നിൽ സാമ്പത്തിക ഇടപാടുകളും നടന്നതായി ഇവര്‍ആരോപിച്ചു.പാർട്ടി നേതൃത്വത്തിൽ ഇരുന്നു കൊണ്ട് ചിലർ കൃഷിഭവനുകൾ വഴി വിത്തും വളവും നൽകുന്നതിലൂടെ കോടികൾ സമ്പാദിക്കുന്നതായും പാർട്ടിയിൽ ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതായും എം.അബ്ദുൽ സത്താർ വട്ടവിള,കൊപ്പാറയിൽ അബ്ദുൽ സമദ്,അലിയാര് കുഞ്ഞ്,ശ്രീധരൻ, തോമസ് എന്നിവർ പറഞ്ഞു.