എലിവേറ്റഡ് പാത വരുമെന്ന പ്രതീക്ഷയില്ല കരുനാഗപ്പള്ളിയിലും ദേശീയപാത കോട്ടയായി വരും

Advertisement

കൊല്ലം.എലിവേറ്റഡ് പാത വരുമെന്ന പ്രതീക്ഷയില്ല കരുനാഗപ്പള്ളിയിലും ദേശീയപാത കോട്ടയായി വരും. ജില്ലയില്‍ ഏഴിടത്താണ് ഫ്‌ളൈഓവറുകള്‍ വേണ്ടത്.
കരുനാഗപ്പള്ളി, കടവൂര്‍ ജങ്ഷന്‍, എന്‍ എസ് ആശുപത്രി ജങ്ഷന്‍, മേവറം ജങ്ഷന്‍, കൊട്ടിയം ജങ്ഷന്‍, ചാത്തന്നൂര്‍ ജങ്ഷന്‍, പാരിപ്പള്ളി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ഫ്‌ലൈഓവര്‍ നിര്‍മിക്കുന്നത്. എലിവേറ്റഡ് പാത വേണമെന്ന ആവശ്യം ദേശീയപാത അതോറിറ്റി തള്ളി. ചിന്നക്കട മാതൃകയില്‍ ഇരുവശവും കെട്ടിയടച്ച് മണ്ണിട്ടുമൂടിയാകും ഫ്‌ളൈഓവര്‍ നിര്‍മാണം. തിരക്കേറിയ നഗരമായ കരുനാഗപ്പള്ളിയില്‍ ജനജീവിതം ഇതുമൂലം സ്തംഭിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ജനപ്രതിനിധികളും രാഷ്ട്രീയസംഘടനകളും സമരവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് തെറ്റായ കീഴ് വഴക്കമാവുമെന്ന വിലയിരുത്തലാണ് അധികൃതരുടേത്. കരുനാഗപ്പള്ളിക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കുമെന്ന ഉറപ്പ് ലംഘിക്കുമെന്നാണ് സൂചന.

രണ്ടായിരത്തി ഇരുപത്തിയഞ്ചിനു നാടിനു സമര്‍പ്പിക്കാന്‍ കഴിയുംവിധം ദേശീയപാത 66 നവീകരണം ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണ്.

ആറുവരിപ്പാത നിര്‍മാണത്തിന് മുന്നോടിയായുള്ള സര്‍വീസ് റോഡ് നിര്‍മാണവും അതിന്റെ ഭാഗമായ പാലങ്ങളുടെ നിര്‍മാണവും ദ്രുതഗതിയിലാണ്. ഓച്ചിറ മുതല്‍ കടമ്ബാട്ടുകോണം വരെ സര്‍വീസ് റോഡുകളുടെ നിര്‍മാണത്തിലാണ് കരാറുകാര്‍ കൂടുതല്‍ ശ്രദ്ധിച്ചിരിക്കുന്നത്. ഇരുവശവും ഏഴുമീറ്റര്‍ വീതിയിലാണ് സര്‍വീസ് റോഡ്. രണ്ട് ലെയര്‍ കോണ്‍ക്രീറ്റ് പലയിടത്തും പൂര്‍ത്തിയായി. ടാറിങ് പൂര്‍ത്തിയായാല്‍ ഈ ഈ റോഡിലൂടെയാകും ഗതാഗതം. തുടര്‍ന്ന്, നിലവിലുള്ള റോഡ് പൊളിച്ച് ആറുവരിപ്പാത നിര്‍മാണത്തിലേക്ക് കടക്കും. സര്‍വീസ് റോഡ് താഴ്ന്നും ആറുവരിപ്പാത ഉയര്‍ന്നും നില്‍ക്കും.

ഇരുപത്തഞ്ച് മീറ്റര്‍ വീതിയിലാണ് ആറുവരിപ്പാത. സര്‍വീസ് റോഡിന് ഇരുവശവും ഏഴുമീറ്റര്‍ വീതം വീതിയുണ്ടാവും. കൂടാതെ ഒന്നരമീറ്റര്‍ വീതിയില്‍ ഇരുവശവും ഓടയും നിര്‍മിക്കും. ഡിവൈഡര്‍ നിര്‍മാണം അരമീറ്ററിലാണ്. കൊറ്റുകുളങ്ങര മുതല്‍ കാവനാടുവരെ (കൊല്ലം–ബൈപാസ്) 31.5 കിലോ മീറ്റര്‍ നിര്‍മാണത്തിന് 1580 കോടി രൂപയുടെ കരാര്‍ വിശ്വസമുദ്ര എന്‍ജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്കും കൊല്ലം ബൈപാസ് മുതല്‍ കടമ്ബാട്ടുകോണം വരെ 1141.51 കോടി രൂപയുടെ കരാര്‍ ശിവാലയ കണ്‍സ്ട്രക്ഷന്‍ കമ്ബനിക്കുമാണ് ലഭിച്ചത്.

കന്നേറ്റിയില്‍ നിലവിലുള്ള പാലത്തിനു പകരം പുതിയ പാലങ്ങളുടെ നിര്‍മാണത്തിന് പൈലിങ് ജോലികള്‍ തുടങ്ങി. ഓരോ പാലത്തിനും 22.5 മീറ്റര്‍ വീതിയുണ്ടാകും. ചവറ, നീണ്ടകര, ഇത്തിക്കര, നീരാവില്‍, കടവൂര്‍, മങ്ങാട് എന്നിവിടങ്ങിലാണ് ജില്ലയില്‍ പുതിയ പാലങ്ങള്‍ നിര്‍മിക്കുക. നീണ്ടകരയില്‍ ഇരുഭാഗത്തും പാലങ്ങളുടെ നിര്‍മാണം ദ്രുതഗതിയിലാണ്. ഇത്തിക്കര, മങ്ങാട് എന്നിവിടങ്ങളിലും പാലം നിര്‍മാണം തുടങ്ങി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗംകൂട്ടാന്‍ എന്‍എച്ച്എഐ നിയോഗിച്ച ഫീഡ്ബാക്ക് കമ്ബനി കരാറുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതിനിടെ കമ്ബനി റസിഡന്റ് എന്‍ജിനിയര്‍ ആര്‍ കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണ പുരോഗതി പരിശോധിച്ചിരുന്നു. കരാര്‍ കമ്ബനികള്‍ അവരുടെ സംവിധാനങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. ചരക്കുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ മേജര്‍ അടിപ്പാത നിര്‍മാണം അയത്തിലും കൊട്ടിയത്തും ചാത്തന്നൂരിലും പുരോഗമിക്കുന്നു. കല്ലുംതാഴത്ത് റെയില്‍വേ മേല്‍പ്പാലം നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടികളും അതിവേഗത്തിലാണ്.

ബൈപാസില്‍ കുരീപ്പുഴയിലുള്ളത് നിര്‍ത്തലാക്കി ടോള്‍ പ്ലാസ ഓച്ചിറയിലും കല്ലുവാതുക്കലും നിര്‍മിക്കും. ഒന്നിനുപകരം രണ്ട് ടോള്‍ പ്‌ളാസ ജില്ലയില്‍ വരുമെങ്കിലും ഏകദേശം ജില്ലയുടെ രണ്ട് അതിര്‍ത്തികളിലായാണ് ഇവയെന്നതിനാല്‍ ജില്ലക്കുള്ളില്‍ നിന്നും നഗരത്തിലേക്കു പോകുന്നവര്‍ക്ക് ആശ്വാസമാകും
റോഡിന്റെ നീളം, ടണല്‍, പാലങ്ങള്‍ എന്നിവ കണക്കാക്കി വാഹനങ്ങളുടെ വേഗത്തെ ബാധിക്കാത്തവിധമാണ് ടോള്‍ പ്ലാസ നിര്‍മിക്കുന്നത്.
ബൈപാസിലും നീണ്ടകരയിലും കന്നേറ്റിയിലും പാലങ്ങള്‍ അതിവേഗം ആണുയരുന്നത്.

Advertisement