തിരുവനന്തപുരം.പദ്ധതി മികവിൽ കൊല്ലം ജില്ലാ പഞ്ചായത്തിന് വീണ്ടും സ്വരാജ് ട്രോഫി
2021- 22 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തിന് കൊല്ലം ജില്ലാ പഞ്ചായത്ത് അർഹമായി.
നിരവധി നൂതന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വർഷം നടപ്പാക്കിയത്.ഈ നൂതന പദ്ധതികളാണ് കൊല്ലം ജില്ലാ പഞ്ചായത്തിനെ സ്വരാജ് ട്രോഫി പുരസ്കാരത്തിലേക്ക് നയിച്ചതെന്ന് പ്രസിഡന്റ് സാം. കെ. ഡാനിയേൽ പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽദായക പദ്ധതികൾ നടപ്പാക്കിയത് കൊല്ലം ജില്ലാ പഞ്ചായത്താണ്. മാലാഖക്കൂട്ടം, സ്കിൽ ടക്ക്, എൻട്രി തുടങ്ങിയ പ്രോജക്ടുകളിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് പ്രതിസന്ധി കാലയളവിൽ വരുമാനം ഉറപ്പിക്കുവാൻ സാധിച്ചു. കോവിഡ് മൂലം ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അതിജീവനത്തിന്റെ ഭാഗമായി വരുമാനം കണ്ടെത്തുന്ന പ്രോജക്ടുകൾ നടപ്പാക്കി.
300 ഓക്സിജൻ കിടക്കകളോടെ സംസ്ഥാനത്ത് ഏറ്റവും മികച്ച കോവിഡ് സെക്കൻഡ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ ജില്ലാ ഭരണകൂടത്തിന്റെയും കെ എം എല്ലിന്റെയും സഹകരണത്തോടെ ചവറ ശങ്കരമംഗലം സ്കൂളിൽ ആരംഭിച്ചു.ഫാം ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ എസ്റ്റേറ്റുകളുടെ നിർമ്മാണം ഏറ്റെടുത്തു. കൂടാതെ കാർഷിക ആരോഗ്യ മേഖലകളിലും പ്രാദേശിക വികസനത്തിനും വഴിയൊരുക്കുന്ന നിരവധിയായ പദ്ധതികൾ 2021 -22 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയിരുന്നു എന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. കൊല്ലം ജില്ലാ പഞ്ചായത്തിനെ ഈ നേട്ടത്തിന് അർഹമാക്കിയ സെക്രട്ടറി അടക്കമുള്ള നിർവ്വഹണ ഉദ്യോഗസ്ഥരെയും ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെയും പ്രസിഡന്റ് അഭിനന്ദിച്ചു.