സ്വരാജ് ട്രോഫി:പടിഞ്ഞാറെ കല്ലടയ്ക്ക് ഒന്നാം സ്ഥാനം, ശാസ്താംകോട്ടയ്ക്ക് രണ്ടാം സ്ഥാനവും ,തൊഴിലുറപ്പിന് ശൂരനാട് വടക്ക്

Advertisement

ശാസ്താംകോട്ട : 2021-22 ലെ പ്രവർത്തന മികവും ജനക്ഷേമകരമായ പ്രവർത്തനങ്ങളും മുൻനിർത്തി ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം പടിഞ്ഞാറെ കല്ലടയ്ക്ക് ലഭിച്ചു.10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.100 ശതമാനം പദ്ധതി നിർവ്വഹണം,100 ശതമാനം നികുതി പിരിവ് പദ്ധതികളിൽ പുലർത്തുന്ന പുതുമ,ജനങ്ങൾക്ക് വേഗതയിൽ നൽകുന്ന സേവനങ്ങൾ,വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ പരിപാലനം, കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, അംഗൻവാടികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ,വയോജന പരിപാലനം,ബാലസഭയുടെ കാര്യക്ഷമത ഉൾപ്പെടെയുള്ളവ
മുൻ നിർത്തിയാണ് പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിനെ ഒന്നാം സ്ഥാനത്തിനായി തെരെഞ്ഞെടുത്തത്.2020-21 ൽ ജില്ലയിൽ രണ്ടാം സ്ഥാനവും,ദേശീയ തലത്തിൽ ദീൻദയാൽ ഉപാധ്യായ പുരസ്കാരവും രാജീവ് ഗാന്ധി ദേശീയ പുരസ്കാരവും വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു.

ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള രണ്ടാം സ്ഥാനം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാന സർക്കാരിന്റെ നവകേരളം നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.പദ്ധതി പദ്ധതിയേതര പ്രവർത്തനങ്ങളിലെ മികച്ച പ്രവർത്തനമാണ് അവാർഡിന് അർഹമാക്കിയത്.വികസന ഫണ്ട്
നൂറ് ശതമാനം ചെലവഴിക്കുകയും, സമയബന്ധിതമായി ഐ.എസ്.ഒ ഗുണനിലവാര സേവനം നൽകുന്നതിനും കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ രംഗത്ത് ചികിത്സയും പ്രതിരോധവും ഒരു കുടക്കീഴിൽ ഉറപ്പ് വരുത്തിക്കൊണ്ടുള്ള ആയുഷ് ഹോളിസ്റ്റിക് സെന്റർ തെക്കൻ കേരളത്തിൽ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ നേട്ടമാണ്.സമ്പൂർണ്ണ ശുചിതി ഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് ഹരിതകർമ്മ സേനയുടെ സേവനവും മികച്ച മാലിന്യ ശേഖരണ-സംസ്കരണ സംവിധാനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.ഇത്തരത്തിലുള്ള നിരവധി പദ്ധതികളാണ് ശാസ്താംകോട്ടയെ അവാർഡിന് പരിഗണിച്ചത്.

തൊഴിലുറപ്പ് പദ്ധതിയില്‍ ശൂരനാട് വടക്ക് പഞ്ചായത്തിന് മഹാത്മ പുരസ്കാരം ലഭിച്ചു. ജില്ലയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്.