സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ തേടാവുന്ന സാഹചര്യമാണ് സഹകരണ പ്രസ്ഥാനമായ എന്‍എസിലെന്ന് എംഎ ബേബി

Advertisement

എൻ.എസ് സഹകരണ ആശുപത്രി വാർഷികാഘോഷം നടത്തി

കൊല്ലം.എൻ.എസ് സഹകരണ ആശുപത്രിയുടെ 17 ആം വാർഷിക ആഘോഷം ആശുപത്രി അങ്കണത്തിൽ മുൻമന്ത്രി എം. എ. ബേബി ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സ തേടാവുന്ന സാഹചര്യമാണ് സഹകരണ പ്രസ്ഥാനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളുടെ അറിവുകൾ പ്രയോജനപ്പെടുത്തിയാണ് എൻ.എസ്. ആശുപത്രി ജനപ്രിയമായത്. കൂടുതൽ ആധുനിക സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തുകയാണ്. പാരമ്പര്യ അറിവുകളോടുള്ള തുറന്ന സമീപനം ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു.
12 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച ആധുനിക ഉപകരണങ്ങളുടെ ഉദ്ഘാടനവും എൻ.എസ് അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി.

മികച്ച ഡോക്ടർ – നഴ്സ് പുരസ്കാര വിതരണം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ഒരു വർഷം 6 ലക്ഷത്തിലധികം പേർ ആശ്രയിക്കുന്ന ആശുപത്രിയായി മാറാൻ കഴിഞ്ഞത് അപൂർവ്വ നേട്ടം ആണെന്ന് മന്ത്രി പറഞ്ഞു.

ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ അധ്യക്ഷനായി.മേയർ പ്രസന്ന ഏണസ്റ്റ്, എം. നൗഷാദ് എം.എൽ.എ, കൗൺസിലർ എ അനീഷ് കുമാർ, ആശുപത്രി സെക്രട്ടറി പി.ഷിബു, വൈസ് പ്രസിഡന്റ് എ.മാധവൻ പിള്ള, തൊടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ, ആശുപത്രി ഭരണസമിതി അംഗ പി. കെ. ഷിബു തുടങ്ങിയവർ പങ്കെടുത്തു.

Advertisement