ശാസ്താംകോട്ട.സ്കൂളിൽ നിന്നും വിനോദയാത്രക്ക് പോയ രണ്ടാം ക്ലാസ് കാരിയുടെ യാത്രാ വിവരണം വൈറലായി.. മാത്രവുമല്ല അത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പേജിൽ സ്ഥാനം പിടിക്കുകയും ചെയ്തു.കൊല്ലം ശൂരനാട് നടുവിൽ എൽ പി എസിലെ രണ്ടാം ക്ലാസുകാരി ഗൗരി എന്ന ഭവികാ ലക്ഷ്മിയാണ് ടീച്ചർമാരുടെ നിർദേശാനുസരണം തന്റെ സ്കൂളിൽ നിന്നും സംഘടിപ്പിച്ച വിനോദയാത്രയുടെ യാത്രാ വിവരണം നാല് പേജുകളിലായി തയാറാക്കിയത്. വലിയ അക്ഷരതെറ്റുകളില്ലാതെ അടുക്കും ചിട്ടയോടും ക്രമത്തോടും കൂടിയാണ് ഗൗരി ഇത് എഴുതിയിട്ടുള്ളത്.
ഗൗരിയുടെ പിതാവും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കൂടിയായ എൽ സുഗതൻ ഈ കുറിപ്പുകൾ തന്റെ ഫേസ് ബുക്ക് പേജിൽ ഇട്ടു. സ്കൂളിലെ അധ്യാപകർക്കും പൊതു വിദ്യാഭ്യാസത്തിന്റെ മികവിനും അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് പോസ്റ്റ് ചെയ്തത്. വൈറലായ ഈ പോസ്റ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം അത് സ്വന്തം പേജിൽ ഷെയർ ചെയ്യുകയുമാണ് ഉണ്ടായത്. സ്വന്തമായി യുട്യൂബ് ചാനലും റീൽസും ചെയ്യുന്ന ഗൗരി ഇപ്പോൾ സ്കൂളിലെ താരമാണ്.ഇതിനാലകം മുന്നൂറ്റൻപതോളം ചിത്രങ്ങളും വരച്ചിട്ടുണ്ട്.താമരക്കുളം വി വി എച്ച് എസ് എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഭവിൻ സുഗതൻ സഹോദരനും മൈനാഗപ്പള്ളി വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ അനൂപ വി എസ് മാതാവുമാണ്…..