
ശൂരനാട്: തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ശൂരനാട് നോർത്ത് ഗ്രാമപഞ്ചായത്തിന് മഹാത്മാ പുരസ്‌കാരം സമ്മാനിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറും ഭരണ സമിതി അംഗങ്ങളും ചേർന്ന് മന്ത്രി എം.ബി രാജേഷിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനമികവിനെ അടിസ്ഥാനപ്പെടുത്തിയാണ് അവാർഡ് ലഭിച്ചത്.കഴിഞ്ഞ വർഷവും ശൂരനാട് വടക്ക് പഞ്ചായത്തിന് മഹാത്മാ പുരസ്‌കാരം ലഭിച്ചിരുന്നു.
തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതും ഭൂരിഭാഗം കുടുംബങ്ങൾക്കും നൂറ് ദിവസം ജോലി നൽകാൻ സാധിച്ചതും പ്രധാന നേട്ടമാണ്.ശരാശരി 71 തൊഴിൽ ദിനങ്ങൾ നൽകാനും സാധിച്ചിട്ടുണ്ട്. സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമായക്കുന്നതിനും സാധിച്ചിട്ടുണ്ട്.
തോടുകൾ കയർഭൂവസ്ത്രം ഉപയോഗിച്ച് വൃത്തിയാക്കുകയും ജലസേചന കനാലുകളുടെ കാടുകൾ വെട്ടിത്തെളിച്ച് ജലസേചന സുഗമമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ, ഭൂവികസന പ്രവർത്തികൾ എന്നിവ ഏറ്റെടുത്താണ് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് പ്രസിഡന്റ് എസ്.ശ്രീകുമാർ പറഞ്ഞു.