പടിഞ്ഞാറേകല്ലട.ജലജീവൻ മിഷന്റെ പുരോഗതി പഠിക്കാൻ കേന്ദ്രസംഘം പടിഞ്ഞാറേകല്ലടയിൽ എത്തി.
കുടിവെള്ളം, ശുചിത്വമേഖലയിൽ നടത്തുന്ന പ്രവർത്തങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്രസംഘം കല്ലടയിൽ എത്തി. ജലജീവൻമിഷന്റെ പദ്ധതി ആദ്യം ജില്ലയിൽ ഏറ്റെടുത്തു നടപ്പാക്കിയ പഞ്ചായത്താണ് കല്ലട. ഇതിന്റെ ഭാഗമായി അവശ്യപ്പെട്ട മുഴുവൻ വീടുകളിലും കുടിവെള്ളം നൽകി, സമ്പുർണ കുടിവെള്ളവിതരണഗ്രാമമായി പഞ്ചായത്തിനെ പ്രഖ്യാപിച്ചു. ശുചിത്വ പരിപാലനത്തിലും പഞ്ചായത്ത് ഏറെ മുന്നോട്ട് പോയി. ഇത് സംബന്ധിച്ച പരിശോധനക്കാണ് കേന്ദ്രസംഘം എത്തിയത്.
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശം എന്ന നിലയിൽ ഗുണഭോക്തൃവിഹിതം നൽകുന്നത് പ്രയാസകരമായിരിക്കുമെന്ന് സംഘത്തെ ബോധ്യപ്പെടുത്തി. അത് സംബന്ധിച്ച് റിപ്പോർട്ട് നൽകാമെന്നു കേന്ദ്രസംഘം ഉറപ്പുനൽകി. തുടർന്ന് ജലജീവൻ മിഷന്റെ ഗുണഭോക്താകളെ വീടുകളിൽ എത്തി കേന്ദ്രസംഘം കണ്ടു. സംഘത്തിൽ കേന്ദ്ര ജല ശുചിത്വ മിഷൻ എക്സ്പെർട്ട് കമ്മറ്റി അംഗങ്ങളായ രമേശ്‌കുമാർ, അപ്പാറാവൂ, ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് എ. ഇ അന്നൂപ്, അസി :എക്സി. എൻജിനിയർ നിസാർ, ജലജീവന്മിഷൻ എ. ഇ. ആതിര ജെ, ശ്രീരാജ് എന്നിവരും വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ. സീമ വൈസ് പ്രസിഡണ്ട് സുധ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാർ എന്നിവരും പങ്കെടുത്തു.