ഓച്ചിറ. തെരുവ് നായ്ക്കളെന്നു കേട്ടാല്‍ വെറുപ്പോടെ മുഖംതിരിക്കുകയും ഓടിരക്ഷപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് അപ്പു ഒരു സൂപ്പര്‍ സ്റ്റാറായിരുന്നു. അതുകൊണ്ടുതന്നെ അവന്‍റെ വിയോഗം നാട്ടുകാര്‍ക്ക് ആഘാതമായി. തഴവ കുതിരപ്പന്തിയിൽ നാടിന്റെ ആകെ കാവലായിരുന്ന അപ്പു എന്ന നായയുടെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഖത്തിലാക്കി.കുതിരപ്പന്തിയുടെ കാവലായിരുന്നു അപ്പു. അസമയത്ത് അപരിചിതരിൽ നിന്നും മോഷ്ടാക്കളിൽ നിന്നും സംരക്ഷിക്കുകയും നാളിന്നുവരെ ആരെയും ആക്രമിച്ചു പേര് ദോഷത്തിനിടയാക്കിയില്ല. ചുരുങ്ങിയ നാളുകൾക്കുള്ളിൽ നാടിന്റെ കണ്മണിയായി മാറിയ അപ്പു.
ഇതിനോടകം നിരവധി മാധ്യമ വാർത്തകളിലൂടെ ജനശ്രദ്ധ നേടിയിരുന്നു. അപ്പുവിന് അവന്റെ അവസാന നാളുകളിൽ മതിയായ പരിചരണം നൽകിയ നാട്ടുകാർ അവന് വീരോചിതമായ അന്ത്യയാത്രയാണ് ഒരുക്കിയത്. അപ്പു യാത്രയായ വിവരം ഓട്ടോ റിക്ഷയിൽ അനൗൺസ്മെന്റായി നാടിനെയാകെ അറിയിച്ച അവർ കുതിരപ്പന്തിയിലെ പരിഷ്കാര ഗ്രന്ഥശാലയിൽ അവന് പൊതു ദർശനവും ഗ്രന്ഥശാല വളപ്പിൽ അന്ത്യവിശ്രമവും ഒരുക്കി.
ചടങ്ങുകൾക്ക് ഗ്രന്ഥശാല രക്ഷാധികാരി സലിം അമ്പീത്തറ,പരിഷ്കാര ഗ്രന്ഥ ശാല പ്രസിഡന്റ് ആർ.ഗോപകുമാർ , സെക്രട്ടറി കടത്തൂർ ശ്രീകുമാർ സാഹിത്യകാരൻ എ എം മുഹമ്മദ്, വിയാർജി, എൻ ഭാർഗ്ഗവൻ തുടങ്ങിയവർ നേതൃത്വം വഹിച്ചു.