ഭാരതത്തിന്റെ ഉത്തമമായ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ അടയാളമാണ് പള്ളിപ്പാന; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കുന്നത്തൂർ. മലനട എത്തുന്നതിലേറെപ്പേര്‍ക്കും അപ്പൂപ്പനാണ് അവിടത്തെ ദേവത, മഹാഭാരതത്തിലെ ദുര്യോധനനാണ് സുയോധനനായി നാടിന് ദുരിതമകറ്റി മലനടവാഴുന്നതെന്ന സത്യം പലരുമറിയുന്നില്ല, ഭാരതത്തിന്റെ ഉത്തമമായ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ അടയാളമാണ് പള്ളിപ്പാന പോലുള്ള കർമ്മങ്ങളെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ പള്ളിപ്പാന കർമ്മത്തിന് ഭദ്രദീപ പ്രതിഷ്ഠ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ചടങ്ങുകളിലൂടെ ഭാരതത്തിന്റെ സംസ്ക്കാരവും ജ്ഞാനവും അറിവും പുതിയ തലമുറയ്ക്ക് പകർന്ന് നൽകേണ്ടതാണ്.ഇത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
മഹാഭാരതകഥയിലെ കൗരവ രാജാവായ ദുര്യോധനൻ ആരാധനാമൂർത്തിയായ അപൂർവം ക്ഷേത്രമാണിത്.12 വർഷം കൂടുമ്പോൾ നടക്കുന്ന ഈ കർമ്മം ക്ഷേത്ര കരകളെ സമ്പന്നമാക്കുന്നതിനൊപ്പം ഒരുമയും ഉണ്ടാകുന്നു.
രാജനീതിയ്ക്കും രാജ ധർമ്മത്തിനും വേണ്ടി എക്കാലവും നിലനിന്നിട്ടുള്ള മഹാനായ രാജാവാണ് ദുര്യോധനൻ. പലപ്പോഴും വില്ലൻ പരിവേഷം ലഭിച്ചിട്ടുണ്ടെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ധർമ്മത്തിന് പ്രാധാന്യം കൊടുത്ത ദുര്യോധനനെ ആരാധനമൂർത്തിയായി കണ്ട് ആരാധിക്കുന്നത് നമ്മുടെ സാംസ്ക്കാരിക പൈതൃകത്തിന്റെ ഉദാഹരണമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കിയാണ് അദ്ദേഹം ഭദ്രദീപ പ്രതിഷ്ഠ നടത്തിയത്.തുടർന്ന് മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലും ക്ഷേത്രത്തെ കുറിച്ചും ഐതീഹ്യത്തെ കുറിച്ചും ലഘു പ്രസംഗം.സദസ്സിൽ ഉണ്ടായിരുന്ന ദേവസ്വം ഭാരവാഹികളുടെ പേരും പദവിയും പറഞ്ഞ് മലയാളത്തിൽ നടത്തിയ പ്രസംഗം വലിയ കയ്യടി നേടി.എടുപ്പുകുതിരയുടെ മാതൃകയിലുള്ള ശിൽപ്പം ദേവസ്വം ഭാരവാഹികൾ ഗവർണക്ക് സമ്മാനിച്ചു. ഉച്ചക്ക് 12.30 ഓടെ എത്തിയ ഗവർണർ ക്ഷേത്രത്തിൽ ദർശനം നടത്തി വെറ്റിലയും അടയ്ക്കയും പട്ടും സമർപ്പിച്ചു.തുടർന്ന് പഞ്ചസാരയിൽ ഗവർണർക്ക് തുലാഭാരവും നടത്തി. 86 കിലോ പഞ്ചസാര വേണ്ടി വന്നു.
മലനട ദേവസ്വം പ്രസിഡന്റ് അജീഷ് നാട്ടുവയൽ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഊരാളി കൃഷ്ണൻ, ദേവസ്വം സെക്രട്ടറി അഖിൽ സിദ്ധാർത്ഥൻ, ട്രഷറർ നമ്പൂരേത്ത് തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് ഇടയ്ക്കാട് രതീഷ്, പള്ളിപ്പാന ചെയർമാൻ പി.എസ് ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.വലിയ അനുഭവമാണ് തനിക്ക് മലനട ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിലൂടെ ലഭിച്ചതെന്നും, നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും മെച്ചപ്പെട്ട ജീവിതം നയിക്കാൻ സംസ്കാരം പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ മഹാകർമ്മം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും
ഉൾപ്പെടെ വ്യക്തമാക്കി സന്ദർശക പുസ്തകത്തിൽ കുറിച്ചതിന് ശേഷമാണ് ഗവർണർ മടങ്ങിയത്.ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് പോലീസും മറ്റ് വകുപ്പുകളും ഒരുക്കിയിരുന്നത്.