പളളിപ്പാന മഹാകർമ്മത്തിന് തുടക്കം; ഭക്തിയിലമർന്ന്പെരുവിരുത്തി മലനട

Advertisement

കുന്നത്തൂർ: പോരുവഴി പെരുവിരുത്തി മലനട ദുര്യോധനക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന പള്ളിപ്പാന മഹാകർമ്മത്തിന് ഭക്തിനിർഭരമായ തുടക്കം.ക്ഷേത്രത്തിന് സമീപം സജ്ജീകരിച്ച വലിയ പന്തലിലാണ് പള്ളിപ്പാന കർമങ്ങൾ നടക്കുന്നത്. 12 ദിവസങ്ങളിലായി 18 പ്രധാന കർമ്മങ്ങളാണ് നടക്കുന്നത്.
എല്ലാദിവസവും രാവിലെ പാനയടി, അടവീശ്വര പൂജ, കലശ പൂജ, പറയോത്ത്, പഞ്ചകുണ്ഠ ഹോമം, അടവീശ്വര ഹോമം എന്നിവ നടക്കും.

ഇന്നലെ രാവിലെ കാപ്പുകെട്ട്, അടവീശ്വരപൂജ, പറയോത്ത് എന്നീ ചടങ്ങുകളോടെ പള്ളിപ്പാനക്ക് തുടക്കമായി. വൈകിട്ട് സ്ത്രീകൾ ഓതി ഉഴിഞ്ഞ് പറ കൊട്ടി പാടുന്ന മുറോത്ത്, രാത്രിയിൽ കൂടിയാട്ടം എന്നിവ നടന്നു. രാത്രി 10 മുതൽ 12 വരെ ഇടുപണബലി നടന്നു. കൗരവ പക്ഷത്തെ സേനാ നായകനും നൈഷ്ഠിക ബ്രഹ്മചാരിയുമായ ഭീഷ്മാചാര്യരുടെ പ്രതിമ മണ്ണുകൊണ്ടുണ്ടാക്കി വെച്ച് കലശക്കുടം അംബര ഗംഗയെ ആവാഹിച്ച് അതിൽ നിന്നും ദാഹജലം കൊടുത്തുകൊണ്ട് മന്ത്ര തന്ത്രങ്ങളാൽ പൂജിക്കുന്ന പ്രധാനമായ കർമ്മമാണ് ഇടുപണ ബലി.

പള്ളിപ്പാനയുടെ രണ്ടാം ദിനമായ ഇന്ന് വൈകിട്ട് 7ന് പാഠകം, രാത്രി 10 മുതൽ പീഠ ബലി, അടവേശ്വര പൂജ എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി 10 മുതൽ നിണബലി, കിടങ്ങ് ബലി, പഞ്ചഭൂതബലി, തട്ടു ബലി, കുഴിബലിക്കുട, ദിക്കു ബലി, പട്ടട ബലി, സർപ്പബലി, ആഴി ബലി, നവബലി, അഷ്ടൈശ്വര്യപൂജ, കൂമ്പ് ബലി എന്നിവ നടക്കും.

Advertisement