വേൾഡ് കപ്പ് ഫുട്ബോൾ ഫൈനലിലെ തർക്കം; കുന്നത്തൂരിൽ യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച സൈനികൻ ഉൾപ്പെടെ അറസ്റ്റിൽ

Advertisement

കുന്നത്തൂർ : ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ ഫ്രാൻസ് പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നുള്ള വിരോധം നിമിത്തം യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച
സൈനികൻ ഉൾപ്പെടെയുളള പ്രതികൾ അറസ്റ്റിൽ.കുന്നത്തൂർ പടിഞ്ഞാറ് കോളൂർ പുത്തൻ വീട്ടിൽ സാബു (38), സുഹൃത്തുക്കളായ മൈനാഗപ്പള്ളി സ്വദേശി ശ്രീജിത്ത്,അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആഴ്ചകളോളം ചികിത്സയിലായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തൂർ പടിഞ്ഞാറ് അരുൺ ഭവനിൽ സൈനികനായ അരുൺ(30),കുന്നത്തൂർ പടിഞ്ഞാറ്
അഖിൽ ഭവനിൽ വിഷ്ണു(28),അഖിൽ ഭവനിൽ അഖിൽ ബാബു(26),പുത്തൻപുരയിൽ സുധീഷ്(33),പവിത്രേശ്വരം ചെറുപൊയ്ക വിലാസത്തിൽ ഷിബി രാജ് (33),കുന്നത്തൂർ പടിഞ്ഞാറ് പറക്കോട്ട് വിള അഭിഷേക് (കിച്ചു,24),രതീഷ് ഭവനിൽ രജീഷ് (33) എന്നിവരാണ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കഴിഞ്ഞ ജനുവരി 29ന് രാത്രിയിലാണ് ആക്രമണം നടന്നത്.കുന്നത്തൂർ നെടിയവിള ഭഗവതീ ക്ഷേത്രത്തിലെ ഉത്സവ ദിവസം കെട്ടുകാഴ്ച കണ്ട് മടങ്ങുകയായിരുന്ന സാബുവിനെ മാരകായുധങ്ങൾ കൊണ്ട് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
ഇതിനിടയിൽ തടസ്സം പിടിക്കാനെത്തിയ സുഹൃത്തുക്കളായ ശ്രീജിത്ത്,അരുൺ എന്നിവർക്കും മർദ്ദനമേറ്റു.പേരക്കമ്പ് കൊണ്ട് മുഖത്ത് അടിയേറ്റതിനെ തുടർന്ന് ശ്രീജിത്തിന്റെ പല്ലുകൾ ഇളകി തെറിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.അഞ്ച് പ്രതികളെ തിരുവല്ലയിൽ നിന്നും രണ്ടു പേരെ കുന്നത്തൂർ,കുമരഞ്ചിറ എന്നിവിടങ്ങളിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.ശാസ്താംകോട്ട എസ്.ഐ ഷാനവാസ്,ജി.എസ്.ഐ മാരായ രാജേഷ്,വിനയൻ,സിപിഒ മാരായ അഖിൽ ചന്ദ്രൻ,സുരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.