ഓയൂർ. വെളിയം പടിഞ്ഞാറ്റിൻ കരയിൽ വീട്ടിൽ നിന്നും 35000 രൂപ വിലയുള്ള വിദേശ ഇനം നായ്ക്കുട്ടിയെയും 400 കിലോയോളം തൂക്കമുള്ള റബ്ബർഷീറ്റുകളും മോഷ്ടിച്ചതുൾപ്പെടെ നിരവധി മോഷണക്കേസുകളിലെ മുന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം തുറവൂർ അജയ മന്ദിരത്തിൽ ശ്രീകുമാർ ( 27 ), അഞ്ചൽ വക്കം മുക്ക് ബിനീഷ് ഭവനിൽ ബിനീഷ് ( 19 ), അഞ്ചൽ അലയമൺ സരസിൽ രാഹുൽ (20) എന്നിവരെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെളിയം പടിഞ്ഞാറ്റിൻ കരയിൽ നടന്ന മോഷണത്തെത്തുടർന്ന് പൂയപ്പള്ളി പോലീസ് നടത്തിവന്ന അന്വേഷണത്തിൽ പ്രദേശത്തെ സി സി ടി വിദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വീടിന് സമീപത്ത് കൂടി ഒരു നീല ആൾട്ടോ കാർ കടന്നുപോകുന്ന തായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കാറിന്റെ ഉടമസ്ഥൻ ശ്രീകുമാറാ ണെന്ന് കണ്ടെത്തി. ശ്രീകുമാർ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ പ്രതിയാണെന്നറിഞ്ഞ് പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ശ്രീകുമാർ ബിനീഷുമായി അടുപ്പമുള്ളതായി മനസിലാക്കി. ഇവർ അഞ്ചൽപോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും ബെക്ക് മോഷ്ടിച്ച് തമിഴ്നാട്ടിലെ കടയനല്ലൂർ എന്ന സ്ഥലത്ത് കൊണ്ടുപോയി പൊളിച്ച് വിൽക്കുന്നതിനായി കൊടുത്തു. അവിടെ നിന്നും പളനിക്ക് പോയി
അവിടെ നിന്നും തിരുവനന്തപുരത്തെത്തി മ്യൂസിയം പോലീസ് സ്റ്റേഷന്റെ സമീപത്ത് നിന്നും ബൈക്ക് മോഷ്ടിച്ചു. പിന്നീട് സംഘം കൊട്ടാരക്കരയിൽ എത്തി വീട്ടിൽ നിന്നും റബ്ബർഷീറ്റുകൾ മോഷ്ടിച്ചു കടന്നു. ശ്രീകുമാർ വീട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി സാഹസികമായി പിടികൂടിയെങ്കിലും ഇയാൾ രക്ഷപെട്ടു. ഇവിടെ നിന്നും മുങ്ങിയ ഇയാളും കൂട്ടാളികളും സമാനമായ രീതിയിൽ മോഷണം നടത്തുന്നതിനിടയിലാണ് അഞ്ചൽ പോലീസിന്റെ പിടിയിലാകുന്നത്.
ശ്രീകുമാർ അംഗപരിമിതനാണെങ്കിലും ആരോഗ്യദൃഢഗാത്രനാണ്. കാർ, ഓട്ടോ റിക്ഷ, ബൈക്കുകൾ തുടങ്ങിയ ഏത് വാഹനങ്ങളും നിമിഷങ്ങൾക്കകം കുത്തിത്തുക്കുന്നതിന്ന് വിദഗ്ദ്ധനാണ് ശ്രീകുമാർ. ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ വാഹന മോഷണങ്ങളിലും, വീടുകുത്തിത്തുറന്നുള്ള മോഷണങ്ങൾക്കും നിരവധി കേസുകൾ നിലവിലുണ്ട്. അഞ്ചൽ പോലീസിന്റെ പക്കൽനിന്നും പൂയപ്പള്ളി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വെളിയം പടിഞ്ഞാറ്റിൻ കരയിൽ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.