പള്ളിപ്പാനയുടെ ഭാഗമാകാൻ വിദേശികളും ,
ആചാര വൈവിധ്യങ്ങളെ അടുത്തറിയാൻ കടൽ കടന്നും ജനമെത്തുന്നു

Advertisement

പോരുവഴി. വ്യാഴവട്ടത്തിന്റെ കാത്തിരിപ്പിനൊടുവിലെത്തിയ പെരുവിരുത്തി മലനടയിലെ പള്ളിപ്പാന മഹാകർമ്മത്തിന്റെ ഭാഗമാകാൻ കടൽ കടന്ന് വിദേശികളുമെത്തുന്നു. കേരത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തിയ വിദേശികളാണ് പെരുവിരുത്തി മലനടയിലെ വ്യത്യസ്ത ആചാരങ്ങൾ കാണാനും അനുഗ്രഹം തേടാനുമെത്തുന്നത്. ഇന്ത്യയുടെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് മനസിലാക്കുന്നതിനൊപ്പം രാജ്യത്തെ ഇതിഹാസങ്ങൾ, ഐതിഹ്യങ്ങൾ, പുരാണങ്ങൾ തുടങ്ങിയവയെക്കുറിച്ചൊക്കെയും രാജ്യത്ത് എത്തുന്ന വിദേശ ടൂറിസ്റ്റുകൾ മനസിലാക്കാറുണ്ട്.

ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തിലെ ദുര്യോധനൻ ആരാധാനാമൂർത്തിയും ദേശദേവനുമായി വാഴുന്ന ക്ഷേത്രമാണ് പോരുവഴി പെരുവിരുത്തി മലനട. പോരുവഴിക്കാർക്ക് ദുര്യോധനൻ സുയോധനനായ മലയപ്പൂപ്പനാണ്. ജീവിതത്തിലെ എല്ലാ സന്തോഷത്തിലും ദുഖത്തിലും അവർ ആദ്യമോടിയെത്തുന്നത് കുന്നിൻ മുകളിലെ മലയപ്പൂപ്പന്റെ നിലപാട് തറയ്ക്ക് മുമ്പിലാണ്.

അടുക്കും കള്ളും കറുപ്പ് കച്ചയും കോഴിയുമൊക്കെയാണ് മലനടയിലെ പ്രധാന നേർച്ചകൾ. അപ്പൂപ്പന്റെ നിലപാട് തറയ്ക്ക് മുമ്പിൽ ഇവയൊക്കെ സമർപ്പിച്ചാണ് ഭക്തർ പ്രാർത്ഥിക്കുന്നത്. ഇന്ത്യൻ ഇതിഹാസത്തിലെ ദുര്യോധനൻ ഈശ്വരനായി വാഴുന്ന ക്ഷേത്രമെന്ന പ്രത്യേകതയിൽ പൊതുവെ വിദേശികൾ ഇവിടെ എത്താറുണ്ട്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന എന്ന വിശേഷാൽ ചടങ്ങുകൾ കാണാൻ വരും ദിവസങ്ങളിലും കൂടുതൽ വിദേശ ടൂറിസ്റ്റുകൾ എത്താനാണ് സാധ്യത.

ഇന്ന് ക്ഷേത്രത്തിലെത്തിയ വിദേശ വിനോദ സഞ്ചാരികൾ പാന പന്തലിലെ ചടങ്ങുകളിൽ പങ്കെടുത്താണ് മടങ്ങിയത്. ജാതി, മത, ദേശ വ്യത്യാസമില്ലാതെ ഏവർക്കും ഈശ്വരനാണ് മലയപ്പൂപ്പൻ എന്ന പ്രത്യേകത കൂടി മലനടയിലേക്ക് വിദേശികളെ ആകർഷിക്കുന്നതിന്റെ ഘടകമായി മാറുന്നുണ്ട്.