കരുനാഗപ്പള്ളി റെയിൽവെ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും: എ എം ആരിഫ് എംപി

Advertisement

കരുനാഗപ്പള്ളി.അമൃത് ഭാരത് പദ്ധതിക്കു കീഴിൽ റെയിൽവെ സ്റ്റേഷനുകൾ വികസനത്തിന്റെ രണ്ടാം ഘട്ടത്തിൽ കരുനാഗപ്പള്ളിയെ ഉൾപ്പെടുത്താൻ ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ആർ. എൻ. സിങ്ങുമായി നടത്തിയ എം.പി. മാരുടെ യോഗത്തിൽ ധാരണയായതായി എ.എം.ആരിഫ് എം.പി. അറിയിച്ചു.

ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ ആലപ്പുഴ, കായംകുളം എന്നിവയോടൊപ്പം ഉയരവും നീളവും കൂടിയ പ്ലാറ്റ്ഫോമുകൾ, റൂഫ് ടോപ് പ്ലാസ, ലിഫ്റ്റ്-എക്സ്കലേറ്റർ സൗകര്യങ്ങൾ മുതലായവ ഇതോടെ കരുനാഗപ്പള്ളിയിലും ലഭ്യമാകുമെന്ന് എം.പി. വ്യക്തമാക്കി. കോവിഡിനു മുൻപ് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പുണ്ടായിരുന്ന മധുരയിൽ നിന്നുള്ള അമൃത എക്സ്പ്രസ്സ്, നിലമ്പൂരിൽ നിന്നുള്ള രാജ്യറാണി എക്സ്പ്രസ്സ്, മംഗലാപുരം എക്സ്പ്രസ്, മംഗലാപുരത്തു നിന്നുള്ള മാവേലി എക്സ്പ്രസ്സ് എന്നിവയുടെ സ്റ്റോപ്പ് റെയിൽവെ ബോർഡിന്റെ അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് പുന:സ്ഥാപിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്.

ഇതോടൊപ്പം, തിരുവനന്തപുരം വെരാവൽ എക്സ്പ്രസ്സ്, ചെന്നൈ മെയിൽ, കേരള എക്സ്പ്രസ്സ്, മൈസൂർ കൊച്ചുവേളി എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവെ ബോർഡിനോട് ശുപാർശ ചെയ്യാനുള്ള തീരുമാനവും തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ജനറൽ മാനേജർ അറിയിച്ചതായി എം.പി. വ്യക്തമാക്കി. കരുനാഗപ്പള്ളി സ്റ്റേഷൻ വികസനം സംബന്ധിച്ച് തിരുവനന്തപുരം ഡിവിഷണൽ മാനേജരുമായുള്ള സംയുക്ത പരിശോധന ഈ മാസം തന്നെ നടത്തുമെന്നും എം.പി. അറിയിച്ചു.