കോയിവിളയിൽ ശിക്കാര വള്ളം മുങ്ങി അപകടം, കുടുംബം രക്ഷപ്പെട്ടു

Advertisement

കടല്‍ പോലുള്ള ഭാഗങ്ങളാണ് അഷ്ട മുടിക്കായലില്‍ പലയിടത്തും, രക്ഷാപ്രവര്‍ത്തനം പലപ്പോഴും സുഗമമാകണമെന്നില്ല

തേവലക്കര. കോയിവിളയിൽ ശിക്കാര വള്ളം മുങ്ങി.വള്ളത്തിലുണ്ടായിരുന്ന എട്ടംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.വാട്ടർ ട്രാൻസ്പോർട്ടിന്‍റെ യാത്രാബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകട കാരണം വ്യക്തമല്ല. വൈകിട്ട് 3.45ന് പെരിങ്ങാലത്തിനും കോയിവിള ജെട്ടിക്കും ഇടയിലാണ് അപകടം. അഷ്ടമുടിക്കായലിലൂടെ ഉല്ലാസ യാത്ര നടത്തിവന്ന മേല്‍പ്പുരയുള്ള വള്ളം വെള്ളം കയറി മുങ്ങുകയായിരുന്നു. അടിപ്പലക തകര്‍ന്നതാണ് അപകടമെന്ന് കരുതുന്നു. ബോട്ടില്‍ കൈക്കുഞ്ഞ് സഹിതം എട്ടുപേരാണ് ഉണ്ടായിരുന്നത്. അരിനല്ലൂര്‍ സ്വദേശി അശ്വിനാണ് ഡ്രൈവര്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. ഡ്രൈവറുടെ മനസാന്നിധ്യവും യാത്രാബോട്ടിലെ ജീവനക്കാരായ ബോട്ട് മാസ്റ്റര്‍ ശാമുവേല്‍, എപി രാജു,ഡ്രൈവര്‍ അജയകുമാര്‍,ലാസ്കര്‍മാരായ കൃഷ്ണന്‍കുട്ടി, ആദര്‍ശ് എന്നിവരുടെ പ്രവര്‍ത്തനമാണ് വന്‍ദുരന്തം ഒഴിവാക്കിയത്. ഉച്ചക്ക് 2.15ന് അരിനല്ലൂര്‍ മഞ്ചാടിക്കടവില്‍നിന്നാണ് കോവൂര്‍ തോപ്പില്‍മുക്കുകാരായ കുടുംബം വള്ളത്തില്‍ കയറിയത്.

അപകട സമയം അതുവഴി വന്ന യാത്രാബോട്ടിലെ ജീവനക്കാരും യാത്രക്കാരുമാണ് കുടുംബത്തെ രക്ഷിച്ചത്. അഷ്ടമുടിക്കായലില്‍ പ്രാദേശിക ടൂറിസം നല്ല തോതില്‍ നടക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും സുരക്ഷാ മാനദണ്ഢങ്ങള്‍ വേണ്ടും വണ്ണം പാലിക്കപ്പെടുന്നില്ല. ആഴ്ചകള്‍ മുമ്പാണ് പന്മനയില്‍ ഒരു പുരവഞ്ചി തീകത്തി നശിച്ചത്. പുരവഞ്ചികളിലെ പാചകം അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇതൊന്നും യഥാസമയം പരിശോധിക്കാന്‍ അധികൃതരില്ല. കടല്‍ പോലുള്ള ഭാഗങ്ങളാണ് അഷ്ട മുടിക്കായലില്‍ പലയിടത്തും. രക്ഷാപ്രവര്‍ത്തനം പലപ്പോഴും സുഗമമാകണമെന്നില്ല.

Advertisement