#poruvazhy peruviruthi malanada
പാനപന്തലിൽ തിരക്കൊഴിഞ്ഞ നേരമില്ല. പുലർച്ചെ തുടങ്ങുന്ന ഭക്തജനപ്രവാഹം അവസാനിക്കുന്നത് അടുത്ത ദിവസം സൂര്യനുദിക്കാറാകുമ്പോഴാണ്
പോരുവഴി. വ്യാഴവട്ടത്തിന്റെ കാത്തിരിപ്പിനൊടുവിലെത്തിയ പള്ളിപ്പാന മഹാകർമ്മത്തിന്റെ അനുഗ്രഹം തേടി മലനടയിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ലക്ഷക്കണക്കിന് വിശ്വാസികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലനടയിലേക്ക് എത്തിയത്. മലനടയുടെ ആചാര വൈവിധ്യങ്ങൾ കേട്ടറിഞ്ഞ് വിദേശ വിനോദ സഞ്ചാരികളും മലനടയിൽ എത്തി പള്ളിപ്പാനയുടെ ചടങ്ങുകളുടെ ഭാഗമായിരുന്നു.
സാധാരണ ഒരു ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങുപോലെയല്ല പള്ളിപ്പാനയെ പോരുവഴിക്കാര്‍ കാണുന്നത്. ഇത് നാടിന്‍റെ മുഴുവന്‍ ഉല്‍സവമാണ്. അതുകൊണ്ടുതന്നെ എല്ലാ പരിപാടിയിലും ചടങ്ങുകളിലും അസാധാരണ ജനസാന്നിധ്യമാണ് ഉള്ളതെന്ന് ഭരണസമിതി സെക്രട്ടറി അഖില്‍ സിദ്ധാര്‍ഥന്‍ പറഞ്ഞു. സ്വന്തം വീട്ടിലെ ചടങ്ങുകള്‍ പോലെ അകലെനിന്നുമെത്തുന്ന ഭക്തരെ സ്വീകരിക്കാനും ഊട്ടാനും നാട്ടുകാര്‍ തിരക്കുകൂട്ടുകയാണ്.
ചൊവ്വാഴ്ചയാണ് പള്ളിപ്പാനയുടെ ചടങ്ങുകൾ അവസാനിക്കുന്നത്. പാനപന്തലിൽ തിരക്കൊഴിഞ്ഞ നേരമില്ല. പുലർച്ചെ തുടങ്ങുന്ന ഭക്തജനപ്രവാഹം അവസാനിക്കുന്നത് അടുത്ത ദിവസം സൂര്യനുദിക്കാറാകുമ്പോഴാണ്. രാത്രി പത്ത് മണിക്ക് ശേഷമാണ് പള്ളിപ്പാനയുടെ ഭാഗമായുള്ള വിവിധ ചടങ്ങുകൾ നടക്കുന്നത്. ഇത് കാണാനും അനുഗ്രഹം തേടാനും ആയിരങ്ങളാണ് മലനടയിൽ തങ്ങുന്നത്. 12 ദിവസവും രാവും പകലും മലനടയിൽ തന്നെ ചിലവഴിക്കുന്നവരും ധാരാളമാണ്.
ഇനി പന്ത്രണ്ട് വർഷങ്ങളുടെ കാത്തിരിപ്പുണ്ട് പള്ളിപ്പാനയ്ക്ക് എന്നതിനാൽ വിദേശത്ത് നിന്ന് അവധിയെടുത്ത് എത്തിയവരും ധാരാളമാണ്. ഇവരെല്ലാം മീനമാസത്തിലെ രണ്ടാം വെള്ളിയാഴ്ച നടക്കുന്ന മലക്കുട മഹോത്സവത്തിലും പങ്കെടുത്തിന് ശേഷം മാത്രമേ തൊഴിലിടങ്ങളിലേക്ക് മടങ്ങുകയുള്ളൂ. ഇക്കുറി പള്ളിപ്പാനയും മലക്കുട മഹോത്സവവും ഒരുമിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.