ചൂതാട്ട കേന്ദ്രത്തിൽ പോലീസ് റെയ്ഡ് , അഞ്ചുപേർ പിടിയിൽ

Advertisement

കരുനാഗപ്പള്ളി. ഓച്ചിറ ബ്ലോക്ക് ജംഗ്ഷന് പടിഞ്ഞാറുവശം ചങ്ങൻ കുളങ്ങര ശാരദാ ഭവനം സന്തോഷിന്റെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്.  വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ പണം വെച്ച് ചീട്ടുകളി നടക്കുന്ന സമയത്തായിരുന്നു പോലീസ് റെയ്ഡ്. ചീട്ടുകളി ടേബിളിൽ നിന്നും 22,000 രൂപയും മൂന്നു ബണ്ടിൽ ചീട്ടും നോട്ടെണ്ണുന്നതിനുള്ള യന്ത്രവും പോലീസ് പിടിച്ചെടുത്തു. വീട്ടുടമയും 

ഓച്ചിറ പോലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതിയുമായ   സ്പിരിറ്റ്  സന്തോഷ്  എന്ന് വിളിക്കുന്ന സന്തോഷിനെ ഓച്ചിറ പോലീസ്  അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും വിദേശനിർമ്മിത വിദേശ മദ്യവും ഉൾപ്പെടെ 9 ലിറ്ററോളം മദ്യവും പോലീസ് പിടിച്ചെടുത്തു. ചീട്ടുകളിക്കാൻ എത്തുന്ന വർക്ക് മദ്യവും ഭക്ഷണവും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. വിഐപി ചീട്ടുകളിക്കാർക്കായി എസി മുറികളും സജ്ജമാക്കിയിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും നിരവധി ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രങ്ങളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും പണയമായി സ്വീകരിച്ച നിരവധി വാഹനങ്ങളുടെ ആർ സി ബുക്കുകളും പോലീസ് കണ്ടെടുത്തു.

കരുനാഗപ്പള്ളി എസിപി  വി.എസ്.പ്രദീപ്കുമാർ , ഓച്ചിറ പോലീസ് ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. ചീട്ടുകളി കേന്ദ്രത്തിൽ നിന്നും അറസ്റ്റ് ചെയ്ത ഓച്ചിറ സ്വദേശികളായ നാല് പേരെ ജാമ്യത്തിൽ വിട്ടയച്ചു. ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാരനായ സന്തോഷിനെ അനധികൃതമായി കൂടിയ അളവിൽ മദ്യം കൈവശം സൂക്ഷിച്ചതിനും അനധികൃത പലിശ ഇടപാട് നടത്തിയതിനും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.