പോരുവഴി. മഹാഭാരതത്തില്‍ പാഞ്ചാലിയുടെ അക്ഷയപാത്രത്തെപ്പറ്റി കഥയുണ്ട്. എത്രപേര്‍ക്കുവേണെങ്കിലും രുചികരമായ ഭക്ഷണം യഥേഷ്ടം നല്‍കാന്‍ കെല്‍പ്പുള്ള ആ അക്ഷയ പാത്രം പോലെയാണ് ഈ കലവറ. പെരുവിരുത്തി മലനടയിലെ പള്ളിപ്പാന മഹാകർമ്മത്തിന്റെ ഭാഗമായുള്ള ഭക്ഷണശാലയിൽ തിരക്കൊഴിഞ്ഞ നേരമില്ല. പുലർച്ചെ പ്രഭാത ഭക്ഷണ വിതരണത്തോടെ സജീവമാകുന്ന ഭക്ഷണശാലയിൽ തിരക്കൊഴിയണമെങ്കിൽ അടുത്ത ദിവസം പുലർച്ചെ രണ്ട് മണി കഴിയും. ഭക്ഷണം തേടിയെത്തുന്ന എല്ലാവർക്കും ഏത് സമയത്തും ഭക്ഷണം ഉറപ്പാക്കിയാണ് ഭക്ഷണ ശാലയുടെ പ്രവർത്തനം. കഞ്ഞിയും അത്രവും ഊണും ഉൾപ്പെടെ എല്ലാ ഭക്ഷണ വിഭവങ്ങളും ഇവിടെയുണ്ട്.
പള്ളിപ്പാനയുടെ ചടങ്ങുകളുടെ ഭാഗമാകാൻ വിവിധ ദേശങ്ങളിൽ നിന്നെത്തുന്നവരാരും വിശന്ന് മടങ്ങരുതെന്ന ലക്ഷ്യവും ഭക്ഷണശാല ദിവസം മുഴുവൻ പ്രവർത്തിപ്പിക്കുന്നതിന് പിന്നിലുണ്ട്. അമ്പലത്തുംഭാഗം, ഇടയ്ക്കാട്, പനപ്പെട്ടി, കമ്പലടി, പള്ളിമുറി, വടക്കേമുറി, നടുവിലേമുറി എന്നിങ്ങനെ ഏഴ് കരകളിലെയും കരക്കെട്ട് കമ്മിറ്റികൾ, വിവിധ സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരാണ് ഭക്ഷണം വിളമ്പുന്നതിനും ഭക്ഷണശാലയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുമായി ഇവിടെയുള്ളത്.
ഓരോ ദിവസവും ഓരോ വിഭാഗങ്ങളാണ് ചുമതലയേറ്റെടുത്ത് വിളമ്പിന് നേതൃത്വം നൽകുന്നകത്. രാവിലെ ആറര മണിയോടെ ഭക്ഷണശാലയിൽ എത്തുന്ന ഇവരിൽ മിക്കവർക്കും മടങ്ങാൻ കഴിയുന്നത് അടുത്ത ദിവസം പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ്. വനിതകളുടെ സജീവമായ പങ്കാളിത്തം ശ്രദ്ധേയമാണ്.ഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളികളിലും വനിതകളാണ് കൂടുതൽ. പോരുവഴി പഞ്ചായത്തിന്റെ വിവിധ മേഖലകളിലുള്ളവരാണ് ഇവരെല്ലാവരും. പള്ളിപ്പാനയ്ക്കെത്തുന്നവർക്കെല്ലാം മുടങ്ങാതെ ഭക്ഷണ വിതരണം നടത്തിയ ഭക്ഷണശാലയുടെ പ്രവർത്തനം ഏറെ പ്രശംസ നേടുന്നുണ്ട്.