അണമുറിയാത്ത ഭക്തജനപ്രവാഹത്തിനുനടുവില്‍ പള്ളിപ്പാനയ്ക്ക് ഇന്നു സമാപനം, ഇനി മലക്കുട

Advertisement

പോരുവഴി. പെരുവിരുത്തി മലനട ദുര്യോധനക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന പള്ളിപ്പാന മഹാകർമ്മത്തിന്  ഇന്ന് പരിസമാപ്തി. അണമുറിയാത്ത ഭക്തജന പ്രവാഹമായിരുന്നു കഴിഞ്ഞ പതിനൊന്ന് ദിനരാത്രങ്ങൾ മലനടയിൽ.

രാത്രി 10 മുതൽ പുലർച്ചെ വരെ നീണ്ടു നിൽക്കുന്ന പള്ളിപ്പാനയുടെ പ്രധാന ചടങ്ങുകൾ ദർശിക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ക്ഷേത്രത്തിന് സമീപം സജ്ജീകരിച്ച വലിയ പന്തലിലാണ് പള്ളിപ്പാന കർമങ്ങൾ നടക്കുന്നത്. 12 ദിവസങ്ങളിലായി 18 പ്രധാന കർമ്മങ്ങളാണ് നടക്കുന്നത്. 

അവസാന ദിനമായ ഇന്ന് രാവിലെ പാനയടി, അടവീശ്വര പൂജ, കലശ പൂജ, പറയോത്ത്, പഞ്ചകുണ്ഠ ഹോമം, അടവീശ്വര ഹോമം, എട്ടങ്ങാടി നേദ്യം എന്നിവ നടക്കും.രാത്രി 7 ന് കുത്തിയോട്ടപ്പാട്ടും ചുവടും. രാത്രി 10 മുതൽ നവബലി, അഷ്ടൈശ്വര്യപൂജ എന്നിവ നടക്കും.

ഉദയം വരെ നീണ്ട് നിൽക്കുന്ന കൂമ്പ് ബലി (കൈലാസ പൂജ) യോടെ ചടങ്ങുകൾക്ക് സമാപനമാകും. ശൈവ ശക്തിയുടെ ഒരോ ഭാവങ്ങളിലുള്ള കർമ്മങ്ങൾ കഴിഞ്ഞ ശേഷം ഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കും മോക്ഷത്തിനും വേണ്ടി ചെയ്യുന്ന കർമ്മമാണ് കൂമ്പ് ബലി.