ശാസ്താംകോട്ട – വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ അന്തർ വൈജ്ഞാനിക സെമിനാറുകൾ ഏറെ പ്രധാനമാണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ ബോധി സെമിനാർ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ അറിവന്വേഷണങ്ങൾ തടസ്സമില്ലാതെ മുന്നേറണമെന്നും സംവാദാത്മകമാകണം അധ്യയനമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളുടെ വീക്ഷണങ്ങൾ വികസിക്കാൻ ഇത്തരം അന്തർ വൈജ്ഞാനിക സെമിനാറുകൾ സഹായിക്കും. നാല് ദിവസങ്ങളായി നടക്കുന്ന സെമിനാർ പരമ്പരയിൽ വിവിധ പഠന വകുപ്പുകളുടെയും ഐ.ക്യു.എ.സി., ലൈബ്രറി, വിമൺസ് സ്റ്റഡി സെന്റർ, എൻ.എസ്.എസ്., എൻ.സി.സി. എന്നിവയുടെയും നേതൃത്വത്തിൽ പ്രഗത്ഭ പണ്ഡിതരും അധ്യാപകരും വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിക്കും. 7, 8, 13, 14 തീയതികളിൽ പ്രബന്ധാവതരണങ്ങൾ നടക്കും.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തി. കേരള സർവ്വകലാശാല സിന്റിക്കേറ്റ് അംഗം ആർ. അരുൺ കുമാർ, പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശ്, കൗൺസിൽ സെക്രട്ടറി രാഗി ആർ.ജി., ഡോ. ദീപ എസ്., ഡോ. ജയന്തി എസ്., സൺ റിമ, ശ്രീജ ആർ., അബ്ദുള്ള എസ്. എന്നിവർ സംസാരിച്ചു.