ശാസ്താംകോട്ട : സിപിഎമ്മിലെ അനൈക്യവും ഏകോപനമില്ലായ്മയും മൂലം ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനം വഴി മുട്ടിയതായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ തുണ്ടിൽ നൗഷാദ് ആരോപിച്ചു.എൽഡിഎഫ് നേതൃത്വത്തിൽ ഭരണം നടത്തുന്ന ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും തമ്മിലുള്ള ശീതസമരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന കുന്നത്തൂർ
താലൂക്കിലെ ആയിരക്കണക്കിന് പാവപ്പെട്ട രോഗികളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.ആശുപത്രി
വികസനവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അട്ടിമറിക്കുകയാണ്.സർവ്വകക്ഷി
തീരുമാനപ്രകാരമാണ് നിലവിലെ കെഎസ്ആർടിസി കെട്ടിടം ഉൾപ്പെടെ
ഇപ്പോൾ ചന്ത പ്രവർത്തിക്കുന്ന ഭാഗം ആശുപത്രിക്കും ഭരണിക്കാവ്
ശാസ്താംകോട്ട റോഡിന് കിഴക്ക് ഭാഗം കെട്ടിടത്തിന് പടിഞ്ഞാറ് വശം ചന്ത പ്രവർത്തിക്കുന്നതിനും തീരുമാനമെടുത്തത്.ലാന്റ് ട്രാൻസ്ഫറിന് അപേക്ഷ
കൊടുത്തെങ്കിലും ഭരണസമിതികളുടെ മെല്ലെപ്പോക്ക് കാരണം നടന്നില്ല.പിന്നീട് താലൂക്ക്
വികസനസമിതിയിൽ വിഷയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജനുവരിയിൽ 80 സെന്റ് ആരോഗ്യവകുപ്പിന് ലഭിച്ചത്.ഉത്തരവ് വന്നപ്പോൾ ചന്തയ്ക്ക് ഭൂമിയില്ലെന്ന് വ്യാപകമായ വ്യാജ പ്രചരണം നടത്തി
ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശാസ്താംകോട്ട പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചു.വസ്തു അളന്ന് കഴിഞ്ഞപ്പോൾ ചന്തയ്ക്കും വേണ്ടി വന്നാൽ പൊതു ഇടത്തിനും സ്ഥലം വേണ്ടുവോളം ഉണ്ടെന്ന് ബോദ്ധ്യമായിട്ടും യാതൊരു
നടപടിയും നീക്കുവാൻ പഞ്ചായത്ത് തയ്യാറായില്ല.തന്നോട് സിപിഎം നിയന്ത്രണത്തിലുള്ള ഗ്രാമ -ബ്ലോക്ക് ഭരണ സമിതികൾ ഒന്നും
തന്നെ അറിയിക്കുകയോ ചർച്ച നടത്തുകയോ ചെയ്യാറില്ലെന്നാണ് എംഎൽഎ പറയുന്നത്.2019 ൽ അനുവദിച്ച 3 കോടി 27,42,000 ലക്ഷം രൂപയുടെ മെറ്റേണിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങുവാൻ സാധിച്ചിട്ടില്ല.കരാറുകാരൻ നിർമ്മാണത്തിൽ നിന്നും പിന്മാറിയതാണ് കാരണം.നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുവാൻ സ്ഥലമില്ലാത്തതിനാലാണ് കരാറുകാരൻ പിന്മാറിയത്.പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ഇതിനു കാരണം.ആശുപത്രി വികസനത്തിന്
കൈമാറിയ റവന്യുഭൂമിയിലുളള 6 മുറി കെട്ടിടം കച്ചവടക്കാരെ ഒഴിപ്പിച്ചിട്ടും
താക്കോൽ പഞ്ചായത്ത് കൈമാറിയിട്ടില്ല.ഈ കെട്ടിടം കൈമാറിയാൽ നിലച്ചിരിക്കുന്ന എക്സറേ ഉൾപ്പെടെയുളളതിന്
ഭാഗീകമായ പരിഹാരം കാണാൻ കഴിയുമായിരുന്നു.
ശാസ്താംകോട്ടയുടെ വികസനപ്രവർത്തനത്തിന് എന്നും തടസ്സം നിൽക്കുന്ന കൈയ്യേറ്റ മാഫിയായുടെ സ്വാധീനമാണോയെന്ന് സംശയിക്കുന്നതായും അടിയന്തിരമായി വിഷയത്തിൽ സിപിഎം ഏരിയാ നേതൃത്വം ഇടപെടണമെന്നും തുണ്ടിൽ നൗഷാദ് ആവശ്യപ്പെട്ടു.