ബാറിനുള്ളില്‍ പുകവലിച്ചതിനെ ചൊല്ലി മര്‍ദ്ദനം; ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി. ബാറിനുള്ളില്‍ പുകവലിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ് വന്ന ബാര്‍ജീവനക്കാരനായ പ്രതി പിടിയിലായി. ചാരുംമൂട്, കണ്ണനാപുഴി വിപിന്‍ ഭവനില്‍, വിപിന്‍(38) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ഡിസംബറില്‍ കരുനാഗപ്പള്ളി കവറാട്ട് കിഴക്കതില്‍ മോഹിതും സുഹൃത്തായ അഖിലും ബാറിനുള്ളില്‍ വെച്ച് പുകവലിക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിലേക്കും തുടര്‍ന്ന് അടിപിടിയിലേക്കും നയിച്ചത്.

ബാര്‍ ജീവനക്കാരായ പ്രതികള്‍ സംഘം ചേര്‍ന്ന് ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ച് മോഹിതിനേയും സുഹൃത്തിനേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികളെ ഉടന്‍ തന്നെ പിടികൂടിയിരുന്നു. തുടര്‍ന്നും മറ്റ് പ്രതികള്‍ക്കായി പോലീസ് നടത്തിയ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞ് വന്ന വിപിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജു വിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ തോമസ്, റസ്സല്‍ ജോര്‍ജ്ജ്, ഷാജിമോന്‍, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement