പ്രത്യേക ലേഖകന്‍
കൊല്ലം. ഡോ പികെ ഗോപന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റായി സ്ഥാനമേല്‍ക്കുമ്പോള്‍ സിപിഎം ഒരു പ്രായശ്ചിത്തം നടത്തുകയാണ്. വിഭാഗീയതയുടെയും വ്യക്തി താല്‍പര്യങ്ങളുടെയും പേരില്‍ അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ട ആളായിരുന്നു ഒരു കാലത്ത് പാര്‍ട്ടിയുടെ യുവതയുടെ പ്രതീകമായിരുന്ന പികെ ഗോപന്‍. പാര്‍ട്ടി സമ്മേളനങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയ കൂട്ടായ്മകളിലും നിന്ന് പി കെ ഗോപന്‍ പുറത്തേക്ക് പോകുന്നത് എന്തുകൊണ്ട് എന്ന ചര്‍ച്ച സജീവമായിട്ടുണ്ട് പലവട്ടം. എന്നാല്‍ ചെറു ചിരിയോടെ പുറത്തേക്കു പോകുമ്പോഴും സ്വന്തം വസ്ത്രശൈലിപോലെ വ്യക്തിത്വം ഉടയാതെയും കറ വീഴാതെയും സൂക്ഷിക്കാന്‍ പി കെ ഗോപന് കഴിഞ്ഞു എന്നതാണ് ഈ മനുഷ്യന്‍റെ നേട്ടം.
ഒടുവില്‍ ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സിപിഎം കൈയേല്‍ക്കുമ്പോള്‍ നടപടിക്ക് വിധേയനായിരുന്ന ആളെ തിരികെ എത്തിച്ചു റെഡിയാക്കുന്നതും കണ്ടു. പക്ഷേ സിപിഎമ്മിന്റെ മാനുഷികമുഖം പുറത്തുവരികയും അത് അധിക്ഷേപത്തിനു പകരം ഒരുപ്രായശ്ചിത്തത്തിന് തയ്യാറാകുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിലുണ്ടായ മാറ്റം ജില്ലയില്‍പ്രതിഫലിക്കുകയാണെന്ന സൂചനയുണ്ട്.
യുവ നേതാവ്, പാര്‍ട്ടിയുടെ ഉജ്വല പ്രാസംഗികന്‍, പാര്‍ട്ടി സെക്രട്ടറി,പരിസ്ഥിതി പ്രവര്‍ത്തകന്‍, ജനപ്രതിനിധി ,ഗ്രന്ഥശാലകളുടെ കാവലാള്‍ എന്നിങ്ങനെ നിരവധി കര്‍മ്മപഥങ്ങള്‍ പികെ ഗോപനെ തേടിയെത്തി. എങ്കിലും അത് വ്യക്തിപരമായി അര്‍ഹിക്കുന്നതില്‍ തുലോം താഴെയായിരുന്നു എപ്പോഴും. പാര്‍ട്ടി ചുമതലപ്പെടുത്തിയപ്പോഴോ പാര്‍ട്ടി പണികൊടുത്തപ്പോഴോ വാളെടുക്കാന്‍ തുനിഞ്ഞില്ല എന്നത് രസകരം. എംപിയോ എംഎല്‍എയോ ആവേണ്ട കാലത്ത് പഞ്ചായത്ത് അംഗമായി കുടത്തിലടക്കപ്പെട്ടു.
തനിക്കു അത്ര ചേരാത്ത പാര്‍ട്ടി ഏരിയാ സെക്രട്ടറിയുടെ ബോറന്‍ പണി പികെ ഗോപന്‍ മറികടന്നത് സിനിമ വിഷയമാക്കി ഒരു പിഎച്ച്ഡി നേടിക്കൊണ്ടാണ്. ഗഹനമായ വിഷയങ്ങളിലടക്കം പുസ്തകങ്ങള്‍ എഴുതാനും സമയം കണ്ടെത്തി. ഇവി അവാര്‍ഡ് നേടിയിട്ടുണ്ട്.
സിനിമാതാരങ്ങള്‍ക്കും മുതലാളിമാര്‍ക്കും പിമ്പേ കുതിച്ചോടിയ കൊല്ലത്തെ സിപിഎമ്മിന് തിരിച്ചറിവു വന്നതിന്റെ ആദ്യ പടിയാണ് പികെ ഗോപന്റെ സ്ഥാനാരോഹണം എന്ന കുശുകുശുപ്പ് കേള്‍ക്കുന്നത് പാര്‍ട്ടിഗ്രൂപ്പുകളില്‍തന്നെയാണ്.