ആരാണു ഗുണ്ട,കൊല്ലത്തെ യൂത്ത്കോണ്‍ഗ്രസ് ഡിവൈഎഫ്ഐ സംവാദം ഇതാണ്

Advertisement

കൊല്ലം. യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്ഐ വാക്പോര് സംസ്ഥാന ഘടകത്തിലേക്ക്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് കൊല്ലത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ അരുണ്‍ ബാബു. അതേസമയം ആകാശ് തില്ലങ്കരിയടക്കമുള്ള ഗുണ്ടാ സംഘങ്ങളുടെ സഹായം തേടുന്നത് ഡിവൈഎഫ്ഐയുടെ ശീലമാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ തിരിച്ചടിച്ചു.

വ്യവസായ മന്ത്രി പി രാജീവിന്‍റെ കൊല്ലത്തെ പരിപാടിക്കിടയിൽ ഉണ്ടായ സംഘർഷത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സമരം ശക്തമാക്കുന്നതിനിടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഫൈസൽ കുളപ്പാടത്തിനും വിഷ്ണു സുനിൽ പന്തളത്തിനും ഗുണ്ടാ ബന്ധമെന്ന ആരോപണമാണ് ഡിവൈഎഫ്ഐ മുന്നോട്ട് വെച്ചത്. ചിന്താ ജെറോമിനെതിരെ ആരോപണം ഉന്നയിച്ചതിന്‍റെ പകരമായാണ് വിഷ്ണു സുനില്‍പന്തളം അടക്കമുള്ളവരെ മര്‍ദ്ദിച്ചതെന്നാണ് യൂത്ത്കോണ്‍ഗ്രസ് ആരോപണം. അതിനു ബദലായാണ് യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ ഗുണ്ടകളാണെന്ന വാദവുമായി ഡിവൈഎഫ്ഐ എത്തിയത്.

എന്നാൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ക്രിമിനൽ എന്ന് പറയുന്നവർ കണ്ണാടി നോക്കണമെന്നായിരുന്നു ഷാഫിപറമ്പിപിൽ എംഎൽഎയുടെ പരിഹാസം. പാര്‍ട്ടി പറഞ്ഞിട്ടാണ് ശുഹൈബിനെ കൊന്നതെന്ന് പറഞ്ഞ ആകാശ് തില്ലങ്കരിയെ സ്വൈര്യമായി സ്വൈര്യമായി നടക്കാൻ അനുവദിച്ചത് ഇടതുപക്ഷ സര്‍ക്കാരെന്നും ഷാഫി പറമ്പിൽ.

കൊല്ലം ജില്ലയിലെ യുവജന സംഘടകൾ തമ്മിലുള്ള സംഘര്‍ഷം സംസ്ഥാന നേതാക്കൾ ഏറ്റെടുത്തതോടെ വരും ദിവസങ്ങളിലും ആരോപണ പ്രത്യാരോപണങ്ങൾ തുടരാൻ തന്നാണ് സാധ്യത. ഇരു വിഭാഗവും ജില്ലാ തലത്തിൽ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.