പോരുവഴി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വിജിലൻസ് അന്വേഷണം

Advertisement

ചക്കുവള്ളി : പോരുവഴി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന വിവിധ അഴിമതികൾ സംബന്ധധിച്ച് കോൺഗ്രസ് നൽകിയ പരാതിയെ തുടർന്ന് വിജിലൻസ് സമഗ്രാന്വേഷണം ആരംഭിച്ചു.

വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്കൂളിലെത്തി തെളിവെടുപ്പ് നടത്തുകയും മൊഴി ശേഖരിക്കുകയും ചെയ്തു.എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യമായി സർക്കാർ നൽകിയ യൂണിഫോമിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്.2 ജോഡിക്ക് പകരം ഒരു ജോഡി വീതം മാത്രമാണ് നൽകിയത്.ഈ സ്കൂളിൽ നിന്നും ഒൻപതാം ക്ലാസിലേക്ക് കയറിയ കുട്ടികൾക്ക് യൂണിഫോം സൗജന്യമായി നൽകുന്നതിനു പകരം അവരിൽ നിന്നും പണം ഈടാക്കി.ഉച്ചഭക്ഷണം നൽകുന്നതിനായി എത്തിച്ച അരി ചക്കുവള്ളി സപ്ലൈകോ വഴി മറിച്ചു വിറ്റതായും 4 രൂപയ്ക്ക് ലഭിക്കുന്ന കോഴിമുട്ട 6.10 നിരക്കിൽ വാങ്ങി തട്ടിപ്പ് നടത്തുന്നതായും പരാതിയിൽ പറയുന്നു.

സർക്കാർ നിർദ്ദേശിച്ച അളവിൽ ഭക്ഷണമോ പാൽ,മുട്ട എന്നിവയോ കുട്ടികൾക്ക് നൽകുന്നില്ല.കിഫ്ബിയിൽ നിന്നും അനുവദിച്ച 3 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മാണം ആരംഭിക്കുന്നതിന്റെ മുന്നോടിയായി പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് നൂറ് രൂപ പത്രത്തിൽ എഗ്രിമെന്റ് വച്ച് മണ്ണും മണലും ഒഴികെയുള്ള സാധന സാമഗ്രികൾ പൊളിച്ചു നീക്കണമെന്ന ലേല കരാർ വ്യവസ്ഥകൾ കരാറുകാരൻ ലംഘിച്ചിരുന്നു.സ്കൂൾ അധികൃതരുടെ അറിവോടെ കമ്മീഷൻ വ്യവസ്ഥയിൽ ലോഡ് കണക്കിന് മണ്ണും മണലും കരാറുകാരൻ കടത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Advertisement