ശൂരനാട് : നെൽകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ പ്രധാന കാർഷിക മേഖലയായ ശൂരനാട് വടക്ക് പഞ്ചായത്തിന് അനുവദിച്ച പാടശേഖരങ്ങൾക്ക് ‘കൊയ്ത്ത് മെതിയന്ത്രം’ പദ്ധതി ജില്ലാ പഞ്ചായത്ത് ഉപേക്ഷിച്ചു.
കോൺഗ്രസ് ഭരിക്കുന്ന ശൂരനാട് വടക്ക് പഞ്ചായത്തിന് പദ്ധതി നൽകേണ്ടതില്ലായെന്ന രാഷ്ട്രീയ തീരുമാനമാണ് അവസാന നിമിഷം തഴയാൻ കാരണമെന്ന് ആണ് ആരോപണം.ജില്ലാ – ഗ്രാമ -ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയാണിത്.27,40000 രൂപയാണ് അടങ്കൽ തുക.ഇതിൽ 70 ശതമാനം തുക ജില്ലാ പഞ്ചായത്തും 10 ശതമാനം വീതം ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളും 10 ശതമാനം ഗുണഭോക്‌തൃ വിഹിതമായി തെരഞ്ഞെടുക്കപ്പെടുന്ന പാടശേഖരസമിതിയുമാണ് നൽകേണ്ടത്.പാടശേഖരസമിതി ഭാരവാഹികളുടെ യോഗം ചേരുകയും ഒന്നിലധികം സമിതികൾ ആവശ്യവുമായി എത്തിയതിനാൽ നറുക്കെടുപ്പ് വേണ്ടി വന്നു.നെടിയപാടം ഏലാ സമിതിക്കാണ് നറുക്ക് വീണത്.പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച ഈ ഏലാ സമിതിയുടെ ലിസ്റ്റ് പദ്ധതി നടത്തിപ്പിനായി കൃഷി ഓഫീസർക്ക് കൈമാറുകയും ചെയ്തിരുന്നു.തുടർന്ന് യന്ത്രം വാങ്ങുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ കൃഷി ഓഫീസർ പത്രപരസ്യം നൽകുകയും കുറഞ്ഞ തുകയ്ക്ക് യന്ത്രം ലഭ്യമാക്കാമെന്ന് സമ്മതിച്ച കമ്പനിയുമായി കരാർ ഉറപ്പിക്കുകയും ചെയ്തു.ഇതിനു ശേഷമാണ് ജില്ലാ പഞ്ചായത്ത് കർഷകർക്ക് ഏറെ ഉപകാരപ്രദമാകുമായിരുന്ന പദ്ധതിയിൽ നിന്നും പിന്മാറിയത്.
പ്രതിപക്ഷത്തെ ചില പഞ്ചായത്ത് അംഗങ്ങൾക്ക് പ്രത്യേക താല്പര്യമുണ്ടായിരുന്ന സമിതികൾക്ക് നറുക്ക് വീഴാതിരുന്നതിനെ തുടർന്ന് രാഷ്ട്രീയമായി ഇടപെട്ടാണ് പദ്ധതി അട്ടിമറിച്ചത് എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.ശൂരനാട്ടെ കർഷകർ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി ചിലരുടെ വ്യക്തിപരമായ താല്പപര്യത്തിനു വഴങ്ങി പാതിവഴിയിൽ ഉപേക്ഷിച്ച ജില്ലാ പഞ്ചായത്ത് നടപടി പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് ശൂരനാട്,ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികൾ കുറ്റപ്പെടുത്തി.ഇതിനെതിരെ ശക്തമായ കർഷക പ്രതിഷേധം ഉയർത്തിക്കൊണ്ടു വരാനും യോഗം തീരുമാനിച്ചു.ഡിസിസി സെക്രട്ടറി ഹരികുമാർ ഉദ്ഘാടനം ചെയ്തു.ശൂരനാട് മണ്ഡലം പ്രസിഡന്റ് എച്ച്.അബ്ദുൾ ഖലീൽ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക്
പ്രസിഡന്റ് കെ.സുകുമാരൻ നായർ,വി.വേണുഗോപാല കുറുപ്പ് എന്നിവർ പ്രസംഗിച്ചു.