കൊല്ലം. കോടതി സമുച്ചയം എന്ന കൊല്ലം ബാറിന്റെ സ്വപ്നം സഫലമാകുന്നു.കളക്ട്രേറ്റിന് തൊട്ടു പടിഞ്ഞാറുവശം എൻ.ജി.ഒ ക്വാർട്ടേഴ്സ് നിലനിന്നിരുന്ന വസ്തുവിൽ കൊല്ലം കോടതി സമുച്ചയ നിർമ്മാണത്തിനുള്ള ശിലാസ്ഥാപനം മാർച്ച് 17 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് മുഖ്യാതിഥിയായി പങ്കെടുക്കും.
കേരളത്തിലെ ഏറ്റവും പഴക്കമേറിയ കൊല്ലം ബാറിന് സ്വന്തമായി ഒരു കോടതി സമുച്ചയം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.സ്ഥലം ഏറ്റടുപ്പിൽ തുടങ്ങിയ തർക്കങ്ങൾ പരിഹരിച്ചെങ്കിലും നിരവധി സാങ്കേതിക പ്രശ്നങ്ങളിൽ തട്ടി പദ്ധതി തടസ്സപ്പെട്ടു. നിലവിലെ കൊല്ലം ബാർ അസോസിയേഷൻ ഭരണസമിതി കോടതി സമുച്ചയം ഒരു വാഗ്ദാനമായി മുന്നിൽ അവതരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടതിനാൽ വിഷയം അഭിമാന പ്രശ്നമായി. അഡ്വഃഓച്ചിറ എൻ അനിൽകുമാർ പ്രസിഡണ്ടായും അഡ്വഃ എ.കെ മനോജ് സെക്രട്ടറിയായും ഉള്ള ഭരണസമിതി കഴിഞ്ഞ ഒരു വർഷം നിരന്തരം നടത്തിയ പരിശ്രമങ്ങളാണ് ഒടുവിൽ ഫലപ്രാപ്തിയിലെത്തുന്നത്. തീരുമാനങ്ങളുടെ വേഗത കൂട്ടി കൊല്ലം കോടതി സമുച്ചയ നിർമ്മിതിക്കുള്ള തടസ്സങ്ങൾ നീക്കാൻ കേരള ഹൈക്കോടതിയും മുന്നിട്ടിറങ്ങി. മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും പ്രത്യേക താൽപര്യമെടുത്തതോടെ സർക്കാർ കോടതി സമുച്ചയത്തിന് അംഗീകാരം നൽകുകയായിരുന്നു.