ശാസ്താംകോട്ട:പോരുവഴി ഇടയ്ക്കാട് ദേവഗിരിയിൽ സിപിഐ നേതാവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വന്ന റേഷൻ കടയിൽ നടന്ന ഭക്ഷ്യധാന്യങ്ങളുടെ വെട്ടിപ്പ് ഫുഡ് കമ്മീഷൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കട സസ്പെൻഡ് ചെയ്തതിനെതുടര്‍ന്നാണ് ഉദ്യോഗസ്ഥയെ അടിയന്തരമായി മന്ത്രി വിളിപ്പിച്ചത്.
ശനിയാഴ്ച ആണ് കാർഡ് ഉടമകളുടെ പരാതിയെ തുടർന്ന് ഫുഡ് കമ്മീഷൻ പരിശോധന നടത്തിയത്.ഫുഡ് കമ്മീഷൻ അംഗങ്ങൾ കുന്നത്തൂർ റ്റി.എസ്.ഒയിലെ പള്ളിക്കൽ പഞ്ചായത്തിലെ റേഷനിങ് ഇൻസ്പെക്ടറെയും കൂട്ടിയാണ് അവധി ദിവസം പരിശോധനയ്ക്ക് എത്തിയത്.നിരവധി തവണ ജില്ലാ സപ്ലൈ ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്.പതിനാറര ക്വിൻ്റൽ അരി,ഗോതമ്പ്,ആട്ട ഉൾപ്പെടെയുളള സാധനങ്ങളുടെ കുറവ് കണ്ടെത്തി.ഭക്ഷ്യ നിയമം അനുസരിച്ച് ആയിരം കിലോയ്ക്ക് മുകളിൽ സാധനങ്ങളുടെ കുറവ് കണ്ടെത്തിയാൽ കട സസ്പെൻഡ് ചെയ്യാവുന്നതാണ്.
തുടർന്ന് കട സസ്പെൻഡ് ചെയ്യാൻ ഫുഡ് കമ്മീഷൻ കുന്നത്തൂർ റ്റി.എസ്.ഒ യ്ക്ക് ഉത്തരവ് നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കൾ രാവിലെ എട്ടിന് ആർ.ഐ എത്തിയെങ്കിലും ലൈസന്‍സിയായ സിപിഐ നേതാവ് പ്രിയന്‍കുമാര്‍ കട തുറന്ന് നൽകാൻ തയ്യാറായില്ല.തുടർന്ന് ആർ.ഐ അറിയിച്ചതിനെ തുടർന്ന് സപ്ലൈ ഓഫീസറും മറ്റ് ജീവനക്കാരും കടയിലെത്തി..പിന്നീട് റ്റി.എസ്.ഒ തഹസീൽദാരുമായി ബന്ധപ്പെടുകയും ഡെപ്യൂട്ടി തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ ഉത്തരവ് പതിക്കുകയും പൂട്ട് പൊളിച്ച് അകത്ത് കടക്കുകയുമായിരുന്നു.
നടപടികളെല്ലാം വീഡിയോയിൽ പകർത്തിയിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ച് ക്വിന്റൽ അരിയുടെ കുറവ് വീണ്ടും കണ്ടെത്തി.
കടയുടെ ഉൾഭാഗം ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു.കടയിൽ സ്റ്റോക്ക് ഉണ്ടായിരുന്ന സാധനങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് മനസിലായതിനെ തുടർന്ന് അവ പരിശോധനയ്ക്കായി എൻ.എഫ്.സി ഗോഡൗണിലേക്ക് മാറ്റി.തുടർന്നാണ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ കുന്നത്തൂർ റ്റി.എസ്.ഒ സുജ.റ്റി.ഡാനിയേലിനെ
വൈകിട്ടോടെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. അതിനിടെ സിപിഐ അനുകൂല റേഷൻ കടകളുമായി ബന്ധപ്പെട്ട സംഘടനയുടെ സംസ്ഥാന നേതാവിന്റെ കടയ്ക്കെതിരെ എടുത്ത നടപടി മരവിപ്പിക്കാനാണ് റ്റി.എസ്.ഒയെ അടിയന്തിരമായി മന്ത്രി വിളിപ്പിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ സംഘടനാ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് മന്ത്രിക്ക് ബോധ്യപ്പെട്ടു, സംശയ നിവാരണത്തിനാണ് വിലിപ്പിച്ചതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥയെ മടക്കുകയായിരുന്നു.
അതേ സമയം ഉദ്യോഗസ്ഥർക്ക് എതിരെ കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷൻ രംഗത്ത് വന്നു.
നേരത്തേ സ്റ്റോക്ക് ഉണ്ടായിരുന്ന അരി ഉപയോഗ ശൂന്യമായിരുന്നുവെന്നും ഇത് ഇൻസ്പെക്ടറെ അറിയിച്ചിരുന്നുവെന്നുമാണ് സംഘടനയുടെ വാദം. ഇത് ബോധപൂർവ്വം മറച്ചുവച്ചു കൊണ്ടുള്ള റിപ്പോർട്ടുകളാണ് കുന്നത്തൂർ താലൂക്ക് സപ്ലൈ ആഫീസിലെ ചില ഉദ്യോഗസ്ഥർ ബോധപൂർവം പ്രചരിപ്പിക്കുന്നത്.
കേരള റേഷൻ എംപ്ലോയിസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.