കൊല്ലം: റെയിൽവേ യാത്ര നിരക്കിലും ഭക്ഷണനിരക്കിലും ഭീമമായ വർദ്ധനവ് വരുത്തി യാത്രക്കാരെ ഞെക്കി പിഴിയുന്ന സമീപനം തിരുത്തി മിനിമം യാത്രാ നിരക്ക് പാസഞ്ചർ ട്രെയിനുകളിൽ 10 രൂപയായിരുന്നത് പുനസ്ഥാപിക്കണമെന്നും ഭക്ഷണനിരക്കിൽ വരുത്തിയ ക്രമാതീതമായ വർദ്ധനവ് തിരുത്തി പഴയനിരക്ക് പുനസ്ഥാപിക്കണമെന്നും സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
മിനിമം പാസഞ്ചർ ടിക്കറ്റ് നിരക്ക് 7 രൂപയായിരുന്ന ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ഘട്ടം ഘട്ടമായി വെട്ടിക്കുറച്ച് അത് മൂന്നു രൂപയിൽ എത്തിച്ച ജനകീയ റെയിൽവേ യാത്ര സംവിധാനത്തെ മഹാമാരിയുടെ മറവിൽ 30 രൂപയായി വർദ്ധിപ്പിച്ചത് നീതികരണം ഇല്ലാത്തതാണെന്ന് അസോസിയേഷൻ യോഗം അഭിപ്രായപ്പെട്ടു.സീനിയർ സിറ്റിസൺ യാത്രക്കാർക്ക് വർഷങ്ങളായി നൽകിവന്ന യാത്ര ആനുകൂല്യം സമ്പൂർണ്ണമായ റദ്ദ് ചെയ്തത് പുന പരിശോധിക്കണമെന്നും ഇത്തരം യാത്രക്കാർക്കും വനിതകൾക്കും നൽകിവന്ന ആനുകൂല്യം ഭരണഘടനാപരമായി പുനസ്ഥാപിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
എറണാകുളം ഭാഗത്തേക്ക് സ്ലീപ്പർ ടിക്കറ്റ് നൽകുന്നത് ഒഴിവാക്കിയ നടപടി പുനസ്ഥാപിക്കണം. ജനകീയ യാത്ര സംരംഭമായി ഇന്ത്യൻ റെയിൽവേ മാറ്റിയെടുക്കുവാൻ കേന്ദ്ര ഗവൺമെന്റ് നടപടിയെടുക്കണമെന്നും യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകണമെന്നും സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാം അധ്യക്ഷനായിരുന്നു. പ്രസിഡന്റ് സജീവ് പരിശവിള ഉദ്ഘാടനം ചെയ്തു. ബ്രിജേഷ്, കോവൂർ അനിൽ, അഷറഫ് എന്നിവർ പ്രസംഗിച്ചു.