ജലക്ഷാമം രൂക്ഷം;ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തംഗങ്ങൾ കെഐപി
അസി.എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു

ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കരുനാഗപ്പള്ളി കെ.ഐ.പി അസി.എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിക്കുന്നു
Advertisement

ശൂരനാട് വടക്ക്. ഗ്രാമ പഞ്ചായത്തിലെ വിവിധ കനാലുകളിൽ വെള്ളം എത്താത്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ കരുനാഗപ്പള്ളി കെഐപി
അസി.എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.

വേനൽ ശക്തമായതോടെ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം
അതിരൂക്ഷമാണ്.മിക്ക ഏലാകളിലും കര പുരയിടങ്ങളിലും കൃഷി കരിഞ്ഞുണങ്ങി.വാട്ടർ അതോറിറ്റിയിൽ നിന്നുള്ള കുടിവെളള വിതരണവും നാമമാത്രമാണ്.കനാലുകൾ വഴി വെള്ളം തുറന്നു വിടാനും അധികൃതർ തയ്യാറാകുന്നില്ല.ഈ സാഹചര്യത്തിലാണ് ഉപരോധ സമരവുമായി പഞ്ചായത്ത് അംഗങ്ങൾ തന്നെ രംഗത്തെത്തിയത്.കനാലുകൾ അടിയന്തിരമായി തുറന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി.

കനാലുകളിൽ ഉടനടി വെള്ളം എത്തിക്കാമെന്നുള്ള കെ.ഐപി അതികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാറിനൊപ്പം അംഗങ്ങളായ, സുനിത ലത്തീഫ്,ബ്ലസൺ പാപ്പച്ചൻ, സമദ്,ദിലീപ്, ശ്രീലക്ഷ്മി ബിജു,അമ്പിളി ഓമനക്കുട്ടൻ,അഞ്ജലിനാഥ് എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.