കരുനാഗപ്പള്ളി. രാഷ്ട്രപതി ദ്രൗപതി മുര്‍മു 17 ന് കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാനാ പര്‍വീണ്‍ അറിയിച്ചു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന കായംകുളം- ഓച്ചിറ-ഇടയനമ്പലം-ആയിരംതെങ്ങ്-അഴീക്കല്‍-പറയകടവ്- അമൃതപുരി റൂട്ടില്‍ രാവിലെ എട്ടുമുതല്‍ 10:25 വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.
കൂടാതെ അമൃതപുരി-ചെറിയഴീക്കല്‍-ലാലാജി ജങ്ഷന്‍ റൂട്ടിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുജനങ്ങളും പൊലീസ് നിര്‍ദേശ പ്രകാരം യാത്ര ക്രമീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
ആലപ്പുഴ ജില്ലയിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം
ബഹുമാനപ്പെട്ട ഇൻഡ്യൻ രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 17.03.2023 തീയതി വെള്ളിയാഴ്ച രാവിലെ 8.30 മണി മുതൽ 11.00 മണി വരെ ആലപ്പുഴ ജില്ലയിൽ നങ്ങ്യാർകുളങ്ങര കവല മുതൽ ഓച്ചിറ വരെ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുന്നതാണ്.ആലപ്പുഴ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും തിരിഞ്ഞ് മാവേലിക്കര ചാരുമൂട് ചക്കുവള്ളി പുതിയകാവ് വഴി ദേശീയ പാതയിൽ പ്രവേശിച്ച് പോകേണ്ടതും
കൊല്ലം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ പുതിയകാവ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ചക്കുവള്ളി ചാരുംമൂട് മാവേലിക്കര തട്ടാരമ്പലം-നങ്ങ്യാർകുളങ്ങര കവല വഴി ദേശീയ പാതയിൽ പ്രവേശിച്ചും ചെറിയ വാഹനങ്ങൾ ഓച്ചിറയിൽ നിന്നും തിരിഞ്ഞ് ചൂനാട് മാവേലിക്കര തട്ടാരമ്പലം നങ്ങ്യാർകുളങ്ങര കവല വഴി ദേശീയ പാതയിൽ പ്രവേശിച്ച് പോകേണ്ടതുമാണ്.ഗതാഗത നിയന്ത്രണമുള്ളതിനാൽ നങ്ങ്യാർകുളങ്ങര മുതൽ ഓച്ചിറ വരെയുള്ള ഭാഗങ്ങളിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾ പരീക്ഷയുമായി ബന്ധപ്പെട്ട് കഴിവതും രാവിലെ 08.30 മണിക്ക് മുമ്പായി സ്കൂളുകളിൽ എത്തിച്ചേരുന്നതിന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുള്ളതാണ്.