പത്തനാപുരത്ത് വളർത്ത് മത്സ്യങ്ങൾ ചത്ത് പൊങ്ങിയതിൻ്റെ കാരണം അന്വേഷിക്കും

Advertisement

പത്തനാപുരം : അടുത്തമാസം വിളവെടുക്കാനിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി. തിലോപ്പിയ ഇനത്തില്‍പ്പെട്ട പതിനായിരത്തിലധികം മത്സ്യങ്ങളാണ് മണിക്കൂറുകള്‍ക്കുളളില്‍ ചത്ത് പൊങ്ങിയത്. തലവൂര്‍  മഞ്ഞക്കാല സ്വദേശികളായ ഉണ്ണിക്യഷ്ണപിളള, അഭയാനന്ദന്‍, അജിത്ത് എന്നിവര്‍ ചേര്‍ന്ന്   പഞ്ചാത്ത് കുളം പാട്ടത്തിനെടുത്ത്  മത്സ്യക്യഷി നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസവും ഉണ്ണിക്യഷ്ണപിളളയെത്തി മീനുകള്‍ക്ക് തീറ്റ നല്‍കിയിരുന്നു. പശുവിന് പുല്ല് ശേഖരിക്കാന്‍ എത്തിയവരാണ്  അസാധരണമായി മീനുകള്‍ ചത്ത് പൊങ്ങുന്നത് കര്‍ഷകരെ അറിയിച്ചത്. വന്നപ്പോഴേക്കും പൂര്‍ണ്ണമായും ചത്തുപൊങ്ങിയിരുന്നു. കുളത്തില്‍ നിന്ന് മീനുകള്‍ പൂര്‍ണ്ണമായും മാറ്റി മറവ് ചെയ്തു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. സാമൂഹ്യവിരുദ്ധർ വിഷംകലര്‍ത്തിയതാണോ അതോ വെളളത്തിന്‍റെ പ്രശ്നമാണോ എന്നും പരിശോധിച്ച് വരികയാണ്.
ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി വെളളത്തിന്‍റെ സാമ്പിളും മത്സ്യവും വിദഗ്ദ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്.