ശാസ്താംകോട്ട : അദ്ധ്യാപകരുടെ അനാസ്ഥ മൂലം ശൂരനാട് തെക്ക് കുമരംചിറ ഗവ. യു.പി.എസ്സിൽ ടൈംടേബിൾ മാറി പരീക്ഷ നടത്തി. തെറ്റ് മനസ്സിലായതോടെ ചോദ്യ പേപ്പർ തിരികെ വാങ്ങി വിദ്യാർത്ഥികളെ ഇറക്കി വിട്ടു. ആറാം ക്ലാസ്സിലെ ആർട്ട് വിഭാഗത്തിലുള്ള പരീക്ഷ ആദ്യ ടൈംടേബിൾ പ്രകാരം ബുധനാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ 10 ന് എത്തിയ പുതുക്കിയ ടൈംടേബിൾ പ്രകാരം ഇത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. സംസ്ഥാനത്തെ എല്ലാ സ്ക്കൂളുകൾക്കും ഇത് അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധിയ്ക്കാതെയാണ് കുമരംചിറ യു.പി.എസ്സിൽ ബുധനാഴ്ച പരീക്ഷ നടത്തിയത്. പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് സ്കൂൾ അധികൃതർക്ക് അബദ്ധം മനസ്സിലായത്. തുടർന്ന് വിദ്യാർത്ഥികളുടെ കൈയ്യിൽ നിന്നും ചോദ്യപേപ്പർ തിരികെ വാങ്ങി പരീക്ഷ അവസാനിപ്പിച്ചു. മുടങ്ങിയ പരീക്ഷ ഇന്ന് വീണ്ടും നടത്താനാണ് അധ്യാപകരുടെ തീരുമാനം. ചോദ്യപേപ്പർ ചോർന്നതോടെ പരീക്ഷ അപ്രസക്തമായിരിക്കുകയാണെന്നും പരീക്ഷ നടത്തുന്നത് പ്രഹസനമാണെന്നും ചൂണ്ടിക്കാട്ടി രക്ഷകർത്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് നടക്കേണ്ട സംസ്കൃത പരീക്ഷ ഉച്ചക്ക് രണ്ട് മണിയ്ക്കും രണ്ടിന് നടത്തേണ്ട മലയാളം പരീക്ഷ ടൈം ടേബിൾ തെറ്റിച്ച് ഉച്ചയ്ക്ക് 12ന് നടത്തിയെന്നും പരാതിയുണ്ട്. സ്കൂളിലെ അക്കാദമിക നിലവാരം തകർക്കുന്ന അനാസ്ഥയ്ക്കെതിരെ നിരവധി പരാതികളാണ് ദിനേന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ലഭിയ്ക്കുന്നതെങ്കിലും കാര്യമായ നടപടി ഉണ്ടാകുന്നില്ല. സർക്കാർ വിദ്യാലയത്തിൽ നിന്നും നിരന്തരം ഉണ്ടാകുന്ന ഈ അനാസ്ഥയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിയ്ക്കുവാൻ ഒരുങ്ങുകയാണ് രക്ഷകർത്താക്കൾ