പോരുവഴി : പോരുവഴി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൃഷി നശിപ്പിച്ച സംഭവത്തിൽ വിവാദം പുകയുന്നു.പോരുവഴി അമ്പലത്തുംഭാഗം ഇല്ലിക്കുളത്ത് വീട്ടിൽ
കോൺഗ്രസ് മണ്ഡലം സെക്രട്ടറി പത്മ സുന്ദരൻ പിള്ളയുുടെ കൃഷിയാണ് കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ബിനു മംഗലത്തിന്‍റെ നേതൃത്വത്തില്‍ കൃഷി വെട്ടിക്കളഞ്ഞ് കൈയ്യേറിയത്. ആമക്കുളത്തിന് സമീപമുള്ള വസ്തുവിൽ കൃഷി ചെയ്തിരുന്ന നൂറിലധികം വാഴകളും മറ്റ് കാർഷിക വിളകളും വെട്ടിനശിപ്പിക്കുകയായിരുന്നു.ഈ വസ്തുവിനെ സംബന്ധിച്ച തർക്കം കോടതിയിൽ നിലനിൽക്കുന്നുണ്ട്.65 വർഷത്തിലധികമായി വസ്തു പത്മ സുന്ദരൻ പിള്ളയുടെ കുടുംബത്തിൻ്റേതാണെന്ന് ഇവർ അവകാശപ്പെടുന്നു.എന്നാൽ വസ്തു പുറംപോക്ക് ആണന്നാണ് പഞ്ചായത്ത് ഭാരവാഹികൾ പറയുന്നത്.ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിൽ വസ്തു അളക്കുകയും പിന്നീട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വാഴകൾ വെട്ടിനശിപ്പിക്കുകയുമായിരുന്നത്രെ.എന്നാൽ ഇതിന് വിസമ്മതിച്ച തൊഴിലുറപ്പ് തൊഴിലാളികളെ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയാണ് കൃഷി നശിപ്പിച്ചതെന്ന ആക്ഷേപവും ശക്തമാണ്.കല്ലക്കാട്ട് മുക്കിന് പടിഞ്ഞാറ് വശം ആമക്കുളം എന്നറിയപ്പെടുന്ന പ്രദേശത്ത് ഒരേക്കർ 8 സെന്റ് ഭൂമി രണ്ട് ഭൂമാഫിയകൾ കയ്യടക്കി വെച്ചിരുന്നത് താലൂക്ക് സർവ്വേയറെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തുകയും ഈ സ്ഥലത്ത് നീന്തൽ കുളവും രണ്ട് സർക്കാർ സ്ഥാപനങ്ങളും ഒരു ചെറിയ പാർക്കും
നിർമ്മിക്കുമെന്നാണ് പ്രസിഡന്റ് പറയുന്നത്.ഈ ഭൂമി പഞ്ചായത്ത് ഏറ്റെടുക്കാൻ ഏകദേശം 10 വർഷം സമയം വേണ്ടിവന്നതായും താൻ കർത്തവ്യം നിറവേറ്റിയതായും പ്രസിഡന്റ് അവകാശപ്പെടുന്നു.
അതിനിടെ പ്രസിഡന്റ് തനി ഗുണ്ടായിസമാണ് നടത്തിയതെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഒരു കണ്ണിന് കാഴ്ച പോലുമില്ലാത്ത കർഷകന്റെ ഏറെ നാളത്തെ അധ്വാനമാണ് ഒരു നോട്ടീസ് പോലും നൽകാതെ തകർത്തതത്രേ.സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് (തിങ്കൾ) രാവിലെ 10 ന് കോൺഗ്രസ് പോരുവഴി കിഴക്ക്, പടിഞ്ഞാറ് മണ്ഡലം കമ്മിറ്റികളുടെ സംയുകതാഭിമുഖ്യത്തിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.പഞ്ചായത്ത് പ്രസിഡന്റിന്റെ ഗുണ്ടായിസത്തിനും കാർഷികവിള വെട്ടി നശിപ്പിച്ചതിനുമെതിരെ – എന്നിങ്ങനെയാണ് മാർച്ചുമായി ബന്ധപ്പെട്ട് പാർട്ടി പുറത്തിറക്കിയ
പോസ്റ്ററിൽ പറയുന്നത്.അതിനിടെ മാർച്ചിന്റെ ഉദ്ഘാടകന്റെ പേരിലും വിവാദം രൂക്ഷമായിട്ടുണ്ട്.ഉദ്ഘാടകനായി ആദ്യം നിശ്ചയിച്ചിരുന്ന ഡിസിസി ജനറൽ സെക്രട്ടറി കാഞ്ഞിരവിള അജയകുമാറിനു പകരം
കൊട്ടാരക്കരക്കാരനായ ഹരികുമാറിനെ ഉൾപ്പെടുത്തിയതാണ് വിവാദമായത്. അജയകുമാറിനെ മുഖ്യപ്രഭാഷകനായി ഉൾപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹത്തിനും കൂട്ടർക്കുമുള്ളത്.ഇതിനാൽ പരിപാടിയിൽ പങ്കെടുക്കാനും സാധ്യതയില്ല.അജയകുമാറിനെ അവസാന നിമിഷം തഴഞ്ഞത് പോരുവഴിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനെ തുടർന്നാണെന്നും സൂചനയുണ്ട്.