കല്ലുപോലൊരു പെണ്‍കുട്ടി,കരുത്തിന്‍റെ പ്രതീകം അതാണ് ഷംജ ജാന്‍

Advertisement

ശാസ്താംകോട്ട. കല്ലുപോലൊരു പെണ്‍കുട്ടി , അതാണ് ഷംജ, പെണ്‍ കരുത്തിന്‍റെ പ്രതീകം.സ്‌കൂൾ തലത്തിൽ ഷോർട്ട്‌പുട്ട്‌, ഡിസ്‌കസ്‌ ത്രോ, ജാവലിങ്‌ എന്നിവയിൽ സംസ്ഥാനതല വിജയി. പിന്നെ കരാട്ടെയിലും കുങ്‌ഫുവിലും തിളങ്ങുന്ന ഒരുപിടി നേട്ടങ്ങൾ. ഒടുവിൽ ഇതാ വെൽനെസ്‌, ബോഡി ബിൽഡിങ്‌ എന്നിവയിൽ തൃശൂരിൽ നടന്ന സംസ്ഥാന വുമൺസ്‌ ചാമ്പ്യൻഷിപ്പിൽ മിസ്‌ കേരള (ചാമ്പ്യൻ ഓഫ്‌ ചാമ്പ്യൻ 2023) പട്ടവും. ഇരുപത്തിനാല്‌ വയസിനിടെ ശാസ്‌താംകോട്ട മനക്കര തുണ്ടിൽ പുത്തൻവീട്ടിൽ ഷംജ ജാൻ സ്വന്തമാക്കിയത്‌ ആണ്‍കുട്ടികളെപ്പോലും അസൂയപ്പെടുത്തുന്ന നേട്ടങ്ങൾ.


ബാബുജാൻ –- ഷീബ ദമ്പതികളുടെ മകളായ ഷംജ ജാൻ 2015ൽ കരാട്ടെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും (ഹൈദരാബാദ്‌), 2016ൽ സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിലും (പുനലൂർ) 2017ലെ സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിലും (കണ്ണൂർ) സ്വർണമെഡൽ നേടിയിരുന്നു. ഡൽഹിയിൽ നടന്ന നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിലും ഷംജ കേരളത്തിന്റെ അഭിമാനമായി. പിന്നീട്‌ സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലും (കണ്ണൂർ) ഗോവയിൽ നടന്ന സീനിയർ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിലും വിജയിയായി. 2018ൽ കൊൽക്കത്തയിൽ നടന്ന സീനിയർ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിലും ഷംജ വെന്നിക്കൊടി പാറിച്ചു.

കരാട്ടേയിൽ നാഷണൽ എ ഗ്രേഡ്‌ ജഡ്‌ജും റഫറിയുമാണ്‌.
ജൂഡോയിൽ കേരള സീനിയർ പുരുഷ –-വനിത ചാമ്പ്യൻഷിപ്പിൽ 2020ലും 2021ലും മെഡൽനേടി. കിക്ക്‌ ബോക്‌സിങ്‌ ചാമ്പ്യൻകൂടിയാണ്‌ ഷംജ. കിക്ക്‌ ബോക്‌സിങിൽ റഫറിയായും ജഡ്‌ജായും പ്രവർത്തിക്കുന്നു.
ബോഡി ബിൽഡിങ്‌, വെൽനെസ്‌ ചാമ്പ്യൻഷിപ്പിൽ ഷംജ പങ്കെടുത്തത്‌ ടീം പീറ്റേഴ്‌സിലെ വിജിൽ, വിപിൻ എന്നിവരുടെ സ്‌പോൺസർഷിപ്പിലാണ്‌. മാസ്‌റ്റർമാരായ ശരത്‌, ബിജോ എന്നിവരാണ്‌ പരിശീലകർ. പേഴ്‌സണൽ ഫിറ്റ്‌നസ്‌ ട്രയിനർ കോഴ്‌സിൽ ഡിപ്ലോമയും കെബിഐ ബ്ലാക്ക്‌ബെൽറ്റ്‌ തേഡും നേടിയിട്ടുള്ള ഷംജ നിരവധി സ്‌കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കാനും അത്‌ലറ്റുകൾക്ക്‌ പരിശീലനം നൽകാനും സമയം കണ്ടെത്തുന്നുണ്ട്‌. കൊല്ലം ഈസ്‌റ്റ്‌ പൊലീസിൽ 20 വനിതകൾക്ക്‌ സ്വയംരക്ഷാ പരിശീലനവും നൽകിയിട്ടുണ്ട്‌. ശാസ്‌താംകോട്ടയിൽ ഫിറ്റ്‌നസ്‌ സെന്ററും നടത്തിവരുന്നു. രക്ഷിതാക്കളുടെ പ്രോത്സാഹനവും പിന്തുണയുമുണ്ട്. അതാണ് ഷംജ കല്ലുപോലെ കരുത്താര്‍ന്ന പെണ്‍കുട്ടിയായത്.

Advertisement