മലനട കുന്ന് കയറാൻ കരക്കെട്ടുകൾ എത്തി ,
മലക്കുട മഹോത്സവം വെള്ളിയാഴ്‌ച

Advertisement

പോരുവഴി(കൊല്ലം) . കത്തിയെരിയുന്ന മീനസൂര്യന് കീഴെ നൂറ് കണക്കിന് തോളുകളിലേറി കിലോമീറ്ററുകൾ താണ്ടി മലനട കുന്നിന്റെ അടിവാരത്തെ മുരവ് കണ്ടത്തിലേക്ക് കെട്ടുകാഴ്ചകളെത്തുന്ന സമാനതകളില്ലാത്ത സായാഹ്നത്തിനായുള്ള കാത്തിരിപ്പിലാണ് പോരുവഴി.

മീനമാസത്തിലെ രണ്ടാം വെള്ളിയാഴ്ച നാടിന്റെ കൈവഴികളാകെ നിറ‌ഞ്ഞൊഴുകുന്നത് പോരുവഴിയിലേക്കാണ്. കൊയ്തൊഴിഞ്ഞ വിശാലമായ വെൺകുളം ഏലയിലൂടെയാണ് കരക്കെട്ടുകളും ചെറുതും വലുതുമായ നൂറ് കണക്കിന് നേർച്ച കെട്ടുകാഴ്ചകളും മലയപ്പൂപ്പന്റെ അനുഗ്രഹം തേടിയെത്തുന്നത്.

കരക്കെട്ടുകള്‍ പോരുവഴി പെരുവിരുത്തി യിലേക്ക് എത്തുന്ന ആവേശോജ്വമായ കാഴ്ച

അമ്പലത്തുംഭാഗം, കമ്പലടി, പനപ്പെട്ടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി കരകളുടെ കൂറ്റൻ എടുപ്പുകുതിരകളും ഇടയ്ക്കാട് കരയുടെ കൂറ്റൻ എടുപ്പ് കാളയുമാണ് പെരുവിരുത്തി മലനടയിലെ കരക്കെട്ടുകൾ. കരകളുടെ കുതിരകളെ ആവശേപൂർവമാണ് ഗ്രാമാതിർത്തിയിൽ കരക്കെട്ട് കമ്മിറ്റികളുടെ നേതൃത്വത്തിൽ വരവേറ്റത്. വാദ്യമേളങ്ങളും ബൈക്ക് റാലിയുമായാണ് ഗ്രാമവഴികളിലൂടെ ഘോഷയാത്രയായി കുതിരകളെ കൊണ്ടുവന്നത്.

വെൺകുളം ഏലയുടെ വിവിധ ഭാഗങ്ങളിലായി കുതിരകളെ കെട്ടുന്ന ജോലികൾ തുടങ്ങി കഴിഞ്ഞു. ഇടയ്ക്കാട് കരയുടെ കൂറ്റൻ എടുപ്പ് കാളയെയും കെട്ടി തുടങ്ങി. മലയപ്പൂപ്പന്റെ സവിധത്തിൽ കൊടിയേറി കിടക്കുന്നത് കണ്ട് തൊഴാൻ എത്തുന്ന ഭക്ത സഹസ്രങ്ങൾ കരക്കെട്ടുകളുടെ രുക്ക് കൂടി കണ്ടാണ് മടങ്ങുക.

ലക്ഷങ്ങളാണ് കരക്കെട്ടുകൾ തയ്യാറാക്കുന്നതിന് ഓരോ കരകളുടെയും കരക്കെട്ട് സമിതികൾക്ക് വേണ്ടി വരുന്നത്. കുതിരകളെ കെട്ടുന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ തോളിലേറ്റി ചേറ് നിറഞ്ഞ കണ്ടങ്ങളും ജലം കുത്തിയൊഴുകുന്ന തോടും താണ്ടി വേണം മുരവ് കണ്ടത്തിലെത്തിക്കാൻ. അവിടെ മല അപ്പൂപ്പന്റെ പ്രതിപുരുഷനായ ഊരാളിയിൽ നിന്ന് അനുമതിയും അനുഗ്രഹവും വാങ്ങിയാണ് കരക്കെട്ടുകൾ മലനട കുന്ന് കയറുന്നത്.