ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയുടെ ആട്ടക്കഥാ ജീവിതത്തിന് ഇനി ധനാശി

Advertisement

ശാസ്താംകോട്ട .കഥകളി ആചാര്യൻ ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയുടെ ആട്ടക്കഥാ ജീവിതത്തിന് ഇനി ധനാശി, ആറു പതിറ്റാണ്ടിലേറെയായി ആയിരക്കണക്കിനുവേദികളിൽ ആടിയ ദേഹം വേദിയിലെ വേഷ പകര്‍ച്ചകളില്‍നിന്നും മംഗളം ചൊല്ലിപ്പിരിയുകയാണ്. .

ശാരീരികമായ അസ്വസ്ഥതകളാണ് തീരുമാനത്തിനു കാരണ മെന്നും തുടർന്നു ശുഭാനന്ദ ആശ്രമത്തിലെ അന്തേവാസിയായി സന്യാസം സ്വീകരിക്കുമെന്നും കഥകളിയിലെ തെക്കൻ ചിട്ടയുടെ പരമാചാര്യനും കേന്ദ്ര സംഗീ തനാടക അക്കാദമി പുരസ്കാര ജേതാവുമായ അദ്ദേഹം പറഞ്ഞു.

പോരുവഴി പെരുവിരുത്തി മലനടയിൽ നിഴൽകുത്തിലെ ദുര്യോധനനായും ശൂരനാട് തെക്ക് ചിറ്റയ്ക്കാട്ട് ക്ഷേത്രത്തിൽ കിരാതത്തിലെ കാട്ടാളനായും കഴിഞ്ഞ ദിവസങ്ങളിൽ വേഷം കെട്ടിയാടി. ഏപ്രിൽ 19നു മാങ്കുളം ക്ഷേത്രത്തിൽ ബൃഹന്നളയെ അവതരിപ്പി ക്കും. 23നു മാവേലിക്കര ശുഭാനന്ദാശ്രമത്തിലാണ് അവസാനത്തെ കളിയെന്നും അദ്ദേഹം പറഞ്ഞു.

1949 മാർച്ച് 21നു കൊത്തമ്പള്ളിൽ കൃഷ്ണൻ നായരുടെയും ചെല്ലമ്മയമ്മയുടെയും മകനായി ജനിച്ച രാമചന്ദ്രൻ പിള്ള കീരിക്കാട്ട് കറുത്ത ശങ്കരപ്പിള്ള, മുതുപിലാക്കാട്ട് കുട്ടൻപിള്ള എന്നിവരുടെ ശിഷ്യനായി സുന്ദരീസ്വയം വരം കഥകളിയിൽ ശ്രീകൃഷ്ണനായാണ് അരങ്ങേറിയത് . പിന്നീട് ആ ചുവടുകള്‍ ചെണ്ടയുടെയും മദ്ദളത്തിന്‍റെയും താളത്തിനൊപ്പിച്ചാണ് സഞ്ചരിച്ചത് . കലാ സപര്യയുടെ ആ കാലത്തിന്‍റെ ആട്ടവിളക്ക് ഇഞ്ചക്കാട് ഇനി സ്വയം അണയ്ക്കുകയാണ്.

ഓര്‍മ്മകളുടെ തിരനോട്ടത്തില്‍ അനുഭവത്തിന്‍റെ പാരാവാരമുണ്ട് മഹാനടനായ മാങ്കുളം വി ഷ്ണു നമ്പൂതിരിയുടെ സമസ്ത കേരള കഥകളി വിദ്യാലയത്തിന്റെ ഭാഗമായി. കലാമണ്ഡലത്തിലും പ്രവർത്തിച്ചു. പിന്നീട് മാർഗിയിൽ നീണ്ട അധ്യാപന ജീവിതത്തിനു ശേഷം പ്രിൻസിപ്പലായി വിരമിച്ചു. ഒരുപാട് പ്രശസ്തര്‍ക്കൊപ്പം ചമയം കൊണ്ട ജീവിതം, അനുഭവങ്ങളുടെ മനയോല തുടച്ചെടുക്കുമ്പോള്‍ നഷ്ടബോധമില്ല,മനസിന്‍റെ അരങ്ങ് ശൂന്യവുമല്ല

ഇഞ്ചക്കാട് ഗ്രാമത്തെ തന്റെ പേരിനൊപ്പം ലോക തീയറ്ററുകളിൽ എത്തിച്ച മഹാനടനെ ഇഞ്ചക്കാട് പൗരാവലി, ചിറ്റ യ്ക്കാട്ട് ക്ഷേത്ര ഭരണസമിതി, ഗുരുപാദം വാദ്യകലാക്ഷേത്രം, ശൂരനാട് രവി സ്മാരക സാംസ്കാരിക കേന്ദ്രം, ഇഞ്ചക്കാട് പബ്ലിക് ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ഷീജ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ സി.പി.രാജശേഖരൻ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗ ങ്ങളായ പി.പുഷ്പകുമാരി, അബ്ദുൽ ലത്തീഫ്, ഗീതാബായി, എസ്. സജീവ്, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ, ഡോ. ശ്രീകുമാർ നാട്ടേരിൽ, ഇഞ്ചക്കാട് സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.