കുരുത്തോലത്തൊപ്പിയും പാഞ്ചിത്തൂപ്പുമായി അവരെത്തി,മലക്കുട മഹോത്സവത്തിന്റെ വരവറിയിച്ച് പോരുവഴിയുടെ ഗ്രാമവഴികളിൽ പുറങ്ങാടികള്‍ 

Advertisement

പോരുവഴി. പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവത്തിന്റെ വരവറിയിച്ച് പോരുവഴിയുടെ ഗ്രാമവഴികളിലെങ്ങും പുറങ്ങാടി പണിക്കൻമാരുണ്ട്. തെങ്ങോല കൊണ്ട് തയ്യാറാക്കിയ കിരീടം അണിഞ്ഞ് പ്രത്യേക വേഷ വിധാനത്തോടെ കയ്യിൽ പാഞ്ചിയിലക്കെട്ടുമായി ഗ്രാമത്തിലെ ഓരോ വീടുകളിലും ഇവർ കയറിയിറങ്ങും. പ്രാക്ക് ദോഷങ്ങളും ദൃഷ്ടി ദോഷങ്ങളും മറ്റ് ദോഷങ്ങളുമൊക്കം ഓതിയുഴിഞ്ഞ് കളയാൻ പുറങ്ങാടി  പണിക്കൻമാർക്ക് കഴിയുമെന്നാണ് വിശ്വാസം.

പെരുവിരുത്തി മലനടയിൽ മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ച കൊടിയേറുന്നതിന് മുന്നോടിയായി ഇവർ വീടുകൾ കയറി തുടങ്ങും. മലക്കുട മഹോത്സവത്തിന്റെ വരവറിയിക്കുന്ന സാനിധ്യം കൂടിയാണ് ഇവരുടേത്. ഇവരുടെ വരവ് കാത്തിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ പോരുവഴിയിലുണ്ട്. പാഞ്ചിയിലക്കെട്ട് കൊണ്ട് ഉഴിഞ്ഞ് ഓതി സന്തോഷത്തൊടെയാണ് അനുഗ്രഹങ്ങൾ ചൊരിഞ്ഞാണ് ഇവരുടെ മടക്കം. പതിറ്റാണ്ടുകളായി ഇവിടെ തുടരുന്ന ആചാര വൈവിധ്യങ്ങളിലൊന്നാണിത്.

വേലൻ സമുദായത്തിൽ നിന്നുള്ളവരാണ് പ്രത്യേക വേഷ വിധാനത്തോടെ ഇത്തരത്തിൽ പരമ്പരാഗതമായി വീടുകളിലെത്തുന്നത്. പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവം വെള്ളിയാഴ്ച നടക്കും. അമ്പലത്തുംഭാഗം, കമ്പലടി, പനപ്പെട്ടി, വടക്കേമുറി, നടുവിലേമുറി, വടക്കേമുറി കരകൾക്ക് കൂറ്റൻ എടുപ്പ് കുതിരകളും ഇടയ്ക്കാട് കരയ്ക്ക് കൂറ്റൻ എടുപ്പ് കാളയും കരക്കെട്ടുകളായി വെൺകുളം ഏലയിലെ മുരവ് കണ്ടത്തിലെത്തും. ചെറുതും വലുതുമായ നൂറ് കണക്കിന് കെട്ടുകാഴ്ചകളും മലക്കുട മഹോത്സവത്തിന്റെ ഭാഗമാകും.

credits. Aneesh madhavan

മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ച കൊടിയേറുന്ന പെരുവിരുത്തി മലനടയിൽ കൊടിയിറങ്ങുന്നത് ഉത്സവത്തിനും ഏഴ് ദിവസങ്ങൾക്ക് ശേഷം മൂന്നാം വെള്ളിയാഴ്‌ചയാണെന്ന പ്രത്യേകത കൂടിയുണ്ട്.

Advertisement