പോരുവഴി(കൊല്ലം) . കെട്ടുകാഴ്ചകളുടെ ഗ്രാമമാണ് അക്ഷരാർത്ഥത്തിൽ ഇന്ന് പോരുവഴി. പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവത്തിനായി കെട്ടുകാഴ്ചകൾ തയ്യാറാക്കുന്ന കാഴ്ചകളാണെങ്ങും. മിക്ക വീടുകളിൽ നിന്നും മലയപ്പൂപ്പന് സമർപ്പിക്കാൻ കെട്ടുകാഴ്‌ചകളുണ്ട്. കൂറ്റൻ എടുപ്പ് കാളകൾ മുതൽ നാല് പേർക്ക് തോളിലേറ്റി കൊണ്ടുപോകാൻ കഴിയുന്ന കുഞ്ഞിക്കാളകൾ വരെ ഇക്കൂട്ടത്തിലുണ്ട്.
കരക്കെട്ടുകളും ചെറുതും വലുതുമായ നൂറ് കണക്കിന് നേർച്ച കെട്ടുകാഴ്ചകളുമാണ് മലയപ്പൂപ്പന്റെ അനുഗ്രഹം തേടിയെത്തുന്നത്. കരക്കെട്ടുകളാണ് പ്രമുഖം അമ്പലത്തുംഭാഗം, കമ്പലടി, പനപ്പെട്ടി, പള്ളിമുറി, നടുവിലേമുറി, വടക്കേമുറി കരകളുടെ കൂറ്റൻ എടുപ്പുകുതിരകളും ഇടയ്ക്കാട് കരയുടെ കൂറ്റൻ എടുപ്പ് കാളയുമാണ് പെരുവിരുത്തി മലനടയിലെ കരക്കെട്ടുകൾ.
നൂറ് കണക്കിന് നേർച്ചക്കെട്ടുകാഴ്ചകളാണ് നാളെ വെൺകുളം ഏലയിലെ മുരവ് കണ്ടത്തിലെത്തുക. വീടുകളിൽ ആചാരപരമായ പൂജകൾ നടത്തിയ ശേഷമാണ് കെട്ടുകാഴ്ചകളെ അപ്പൂപ്പന് സമർപ്പിക്കാനായി കൊണ്ടുപോവുക. ക്ഷേത്രത്തിന് സമീപത്തെ വീടുകളിൽ നിന്ന് തോളിലേറ്റി തന്നെയാണ് കെട്ടുകാളകളെ വെൺകുളം ഏലയിലേക്ക് കൊണ്ടുവരിക. ദൂരെ നിന്നുള്ളവർ കെട്ടുകാളകളെ വാഹനങ്ങളിലെത്തിച്ച് വെൺകുളം ഏലയുടെ സമീപത്ത് വെക്കുന്നതാണ് രീതി.
നേര്‍ച്ചകെട്ടുകാഴ്ചകളില്‍തന്നെ വാടകയ്ക്ക് എത്തിക്കുന്ന കാളകള്‍ നേരത്തേ തയ്യാറാക്കിയവയാണ്. ഇവയില്‍ ചമയങ്ങള്‍ ഒരുക്കേണ്ട കാര്യമേയുള്ളൂ. എന്നാല്‍ കെട്ടിയൊരുക്കുന്ന നൂറുകണക്കിന് കാളകളുണ്ട്. ഓരോ ആവശ്യങ്ങള്‍ സഫലമാകാനുള്ള ഹൃദയം നൊന്തപ്രാര്‍ഥനകളാണ് കെട്ടുകാഴ്ചകളായി മലയപ്പൂപ്പനുമുന്നിലെത്തുക.
കെട്ടുകാഴ്ചകൾ തയ്യാറാക്കുന്നത് കാണാനും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കരക്കെട്ടുകൾ തയ്യാറാക്കുന്നത് വെൺകുളം ഏലയിൽ തന്നെയാണ്. പോരുവഴിയുടെ വിവിധ ഭാഗങ്ങളിലായാണ് നേർച്ച കെട്ടുകാഴ്ചകൾ തയ്യാറാക്കുന്നത്. മുളയും അടയ്ക്കാമരവും ഉപയോഗിച്ചാണ് കെട്ടുകാളകളുടെ മാതൃക തയ്യാറാക്കുന്നത്. അതിൽ കച്ചി നിറയ്ക്കുന്നതാണ് ആദ്യ പടി. കച്ചിക്ക് മുകളിൽ ചണച്ചാക്ക് വിരിക്കും. അതിന് മുകളിൽ വെള്ള വിരിച്ച ശേഷം ചുവപ്പ് വിരിയും തൂക്കുകളും അണിയിച്ചാണ് കാളയെ അണിയിച്ചൊരുക്കുന്നത്. കാളയെ തോളിലേറ്റുന്ന ചട്ടം കൂടി ഘടിപ്പിക്കുന്നതോടെ നിർമ്മാണത്തിന്റെ 90 ശതമാനം പൂർത്തിയാകും. ഏറ്റവുമൊടുവിൽ പ്രൗഡമായ കാളത്തല കൂടി അണിയിക്കുന്നതോടെ മലയപ്പൂപ്പന്റെ അനുഗ്രഹം തേടി മലനടക്കുന്ന് കയറാൻ നേർച്ചക്കാളകൾ സജ്ജമാകും.
നൂറ് കണക്കിന് നേർച്ച കാളകൾ, ആറ് കരകളുടെ കൂറ്റൻ എടുപ്പ് കുതിരകൾ, ഇടയ്ക്കാട് കരയുടെ കൂറ്റൻ എടുപ്പ് കാള എന്നിവ തോളിലേറ്റി മലനടകുന്ന് കയറ്റാൻ ആയിരക്കണക്കിനാളുകളാണ് നാളെ മലനട വെൺകുളം ഏലയിൽ കാളചട്ടങ്ങളും കുതിര ചട്ടങ്ങളും തോളിലേറ്റുന്നത്.കെട്ടുകാഴ്ചകളുടെ അവസാന ചമയം കാണാൻ ആയിരങ്ങളാണ് ഇന്ന് മലനടയിലെത്തുക.