ശാസ്താംകോട്ട. കല്ലട പദ്ധതി കനാലുണ്ടായശേഷം കുന്നത്തൂര്‍ ഇത്തരം ഒരു ദുരിതം അനുഭവിച്ചിട്ടില്ല. കടുത്ത വേനലില്‍ തുണയായിരുന്ന കനാല്‍ ജലം ഇത്തവണം താലൂക്കിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെത്തിയിട്ടില്ല.
കനാല്‍ നിര്‍മ്മിക്കാതെ പാറപൊട്ടിച്ചു കനാല്‍ പണിതു എന്ന പേരില്‍ ലക്ഷങ്ങള്‍ എഴുതി മാറ്റിയ കഥയാണ് മൈനാഗപ്പള്ളിക്കുള്ളത്. മൈനാഗപ്പള്ളി കടന്ന് ചവറ ഡിസ്ട്രിബ്യൂട്ടറിയിലേക്ക് പോകേണ്ട കനാല്‍ ജലം ഇത്തവണ ശാസ്താംകോട്ട മനക്കര സൈഫണിനിപ്പുറം കടന്നിട്ടില്ല.
വര്‍ഷങ്ങളായി കനാല്‍ ശുചീകരിച്ചിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ ഇത്തവണ ഒഴിവാക്കി. കനാല്‍ കാടു കയറിക്കിടക്കുകയാണ് ഇപ്പോഴും. മാലിന്യം നീക്കാതെ ജലം തുറന്നു വിട്ടതോടെ കനാല്‍ സൈഫണ്‍ അടഞ്ഞു, മനക്കരയില്‍ വെള്ളപ്പൊക്കമുണ്ടായി വീടുകള്‍മുങ്ങിയതോടെ കനാല്‍ അടച്ചു. ആഴ്ചകള്‍ മുമ്പാണ് കനാല്‍ തുറന്ന് അടച്ചത്. അത്രയും വൈകിയത് എന്തെന്നും അറിയില്ല. സൈഫണില്‍ മാലിന്യം കയറിയാല്‍ അടയുമെന്ന് അറിയാത്ത ഉദ്യോഗസ്ഥരാണോ കെഐപിയിലേത് എന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
രസമാണ് ഈ ഉദ്യോഗസ്ഥരുടെ കാര്യം. പഞ്ചായത്ത് ഓഫീസിലും വില്ലേജ് ഓഫീസിലും ഒക്കെ തലകുത്തി ജോലി ചെയ്യുമ്പോള്‍ കെഐപിയിലെ ഉദ്യോഗസ്ഥര്‍ക്ക് എന്തിനാണ് ശമ്പളമെന്ന് പോലും അറിയാത്ത നില, ലക്ഷം കടക്കുന്ന ശമ്പളമുള്ള എന്‍ജിനീയര്‍മാര്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഓഫീസിലെത്തുന്നോ എന്ന് പരിശോധിക്കണമെന്ന് ജനപ്രതിനിധികള്‍ ആക്ഷേപം പറയുന്നു. തടഞ്ഞുവയ്ക്കാന്‍ ഓഫീസില്‍ വന്നിട്ടുവേണ്ടേ,സംശയമുള്ള ഫോണ്‍ എടുക്കില്ല. വരള്‍ച്ച തുടങ്ങി രണ്ടുമാസമായി, കനാല്‍ കാടുമൂടികിടക്കുന്നു.
ഒരാഴ്ചമുമ്പാണ് മന്ത്രി മണ്ഡലം സന്ദര്‍ശിച്ചു പോയത്.മന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലയുടെയും താലൂക്കിന്റെയും നേതാക്കള്‍ എല്ലാം ഈ മേഖലയിലാണ്. അത് തന്നെയാണ് ഉദ്യോഗസ്ഥരുടെ ബലവും.ഒന്നു വീട്ടില്‍പോയി കണ്ടാല്‍ തീരും. വെള്ളം കിട്ടാതെ ജനം ഓടിയാല്‍ സമാധാനം പറയാന്‍ കനാലുള്ളിടത്ത് അവര്‍ക്ക് ഒട്ട് ജനപ്രതിനിധികളുമില്ല.
കനാല്‍ തുറന്നാല്‍ കിണറുകളില്‍ ജലമെത്തും തടാകത്തിലേക്ക് ഉറവ കിട്ടും. തെങ്ങും കവുങ്ങും വാഴയും രക്ഷപ്പെടും. പക്ഷേ കനാല്‍ തുറക്കുന്നത് എങ്ങനെയെന്ന് ഇതൊക്കെ പഠിച്ച ആരെങ്കിലും ഈ ഉദ്യോഗസ്ഥര്‍ക്ക് ഒന്നു പറഞ്ഞു കൊടുക്കണം.