നടുറോഡില്‍ സ്ത്രീകളുടെ ഏറ്റുമുട്ടല്‍, വിഡിയോ പകര്‍ത്തിയെന്ന് സംശയിച്ച് ഓട്ടോഡ്രൈവറുടെ കൈ അടിച്ചൊടിച്ചു

Advertisement

കടയ്ക്കല്‍(കൊല്ലം): നടുറോഡില്‍ സ്ത്രീകളുടെ ഏറ്റുമുട്ടല്‍, തല്ലിയതിന്റെ വീഡിയോ പകര്‍ത്തിയെന്ന് സംശയിച്ച് യുവതി ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം സ്വദേശി വിജിത്തിനുനേരെ ആക്രമണമുണ്ടായത്. പാങ്ങലുകാട് സ്വദേശി അന്‍സിയയാണ് വിജിത്തിനെ കമ്ബിവടികൊണ്ട് ആക്രമിച്ചത്. ഇവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മിലാണ് നടുറോഡില്‍ സിനിമയെ വെല്ലും എറ്റുമുട്ടല്‍ നടന്നത്. തെറിവിളിയും കല്ലേറുമൊക്കെയായി അടിമുന്നേറിയപ്പോള്‍ നാട്ടുകാര്‍ കാഴ്ചകാണാന്‍ കൂടുകയും പലരും വിഡിയോ പകര്‍ത്തുകയും ചെയ്തു. അടിയുടെ വീഡിയോ വിജിത്ത് പകര്‍ത്തിയെന്നായിരുന്നു അന്‍സിയയുടെ സംശയം. ഇതിനെക്കുറിച്ച് ചോദിക്കാനായി അന്‍സിയ ഓട്ടോസ്റ്റാന്റിലെത്തി. വീഡിയോ താന്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ കേട്ടില്ല. തുടര്‍ന്ന് കമ്ബിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. അതിനുശേഷം തയ്യല്‍ക്കടയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. പരിക്കേറ്റ് വിജിത്തിനെ മറ്റുള്ളവര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസ് കേസെടുത്തതോടെ അന്‍സിയ മുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ രണ്ട് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിയയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് വിജിത്തിനെ ആക്രമിച്ചത്. ഇവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം എന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടിക സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.