ശാസ്താംകോട്ട : പോരുവഴി ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗവും പോരുവഴി പെരുവിരുത്തി മലനട ദേവസ്വം മെമ്പറുമായ നിഖിൽ മനോഹർ സ്ഥാനമാനങ്ങൾ രാജി വയ്ക്കാൻ ഒരുങ്ങുന്നതായി സൂചന.ബിജെപി നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസമാണ് ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളും ചുമതലകളും കൃത്യമായി ചെയ്തു തീർക്കാൻ സമയക്കുറവ് മൂലം കഴിയാത്ത സാഹചര്യത്തിൽ പഞ്ചായത്ത് മെമ്പർ സ്ഥാനവും മലനട മെമ്പർ സ്ഥാനവും രാജി വയ്ക്കുകയാണെന്നും രാജി സന്നദ്ധത അറിയിച്ചു കൊണ്ടുള്ള കത്ത് ബിജെപി മണ്ഡലം പ്രസിഡന്റിന് കൈമാറിയതായും നവമാദ്ധ്യമങ്ങളിലൂടെ നിഖിൽ അറിയിച്ചത്.
പോരുവഴി പഞ്ചായത്തിൽ 5 ബിജെപി മെമ്പർമാരാണ് ഉളളത്.അതിൽ ഒരംഗമായ നിഖിൽ മനോഹർ കഴിഞ്ഞയാഴ്ച ബിജെപി
പിന്തുണയോടു കൂടി യുഡിഎഫ് നേതൃത്വത്തിലുളള ഭരണ സമിതിക്കെതിരെ പഞ്ചായത്തിലെ പന്നി ശല്യത്തിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചും പഞ്ചായത്തിലെ ദുർഭരണത്തിൽ പ്രതിഷേധിച്ചും
പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു.എന്നാൽ ഇതിനു ശേഷം ബിജെപി നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നതായി പറയപ്പെടുന്നു.ഇതാകാം രാജി വയ്ക്കാൻ ഒരുങ്ങുന്നതിനു പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.