പട്ടാഴിയമ്മയുടെ പൊന്നിന്‍ തിരുമുടി ദര്‍ശിച്ച്‌ ഭക്തര്‍ സായൂജ്യം നേടി 

Advertisement

പത്തനാപുരം:  പട്ടാഴിയമ്മയുടെ പൊന്നിന്‍ തിരുമുടി ദര്‍ശിച്ച്‌ ഭക്തര്‍ സായൂജ്യം നേടി. 

ഇന്നലെ രാവിലെ നാലമ്പലത്തിനുള്ളിലെ പ്രഭാതപൂജയ്ക്ക് ശേഷം മൂലസ്ഥാന മേല്‍ശാന്തിയും അറപ്പുരമേല്‍ശാന്തിയും ചേര്‍ന്ന് ദേവസ്വം അധികാരികളുടെയും ഉപദേശകസമിതി ഭാരവാഹികളുടെയും സാന്നിദ്ധ്യത്തില്‍ ഭണ്ഡാരത്തിനകത്ത് പ്രവേശിച്ച്  നിസംഗ നിര്‍വൃതിയില്‍ ലയിച്ചിരുന്ന പൊന്നിന്‍മുടി യോഗനിദ്രയില്‍ നിന്നും തൊട്ടുണര്‍ത്തി ശുചീകരണ ക്രിയാംഗങ്ങളിലൂടെ ശക്തി സാന്ദ്രത നല്‍കി. തുടര്‍ന്ന് അറപ്പുര ക്ഷേത്രമുന്നില്‍ എത്തിച്ച് ആദ്യം ദേവിയേയും പിന്നെ ഗുരുശാലയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കാമ്പിത്താനെയും കാണിച്ചു. എട്ടു മണിയോടെ ദര്‍ശനത്തിനായി അലങ്കരിച്ച സപ്രമഞ്ചത്തില്‍ എഴുന്നള്ളിച്ചിരുത്തി.  പിന്നീട് തിരുമുടി ദര്‍ശനത്തിനായി ഭക്തരുടെ നീണ്ടനിരയായിരുന്നു.  കനത്ത ചൂടിനേയും അവഗണിച്ച് പതിനായിരങ്ങളാണ് പട്ടാഴിയമ്മയുടെ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തിയത്. നവരത്നത്തോടുകൂടിയ പൊന്നിന്‍ തിരുമുടി ദേവിയുടെ പ്രതിബിംബം ആണെന്നാണ് സങ്കല്പം.

Advertisement