പത്തനാപുരം : ലോട്ടറിയുടെ നമ്പർ തിരുത്തി വയോധികനായ വിൽപ്പനക്കാരനിൽ നിന്നും പണം തട്ടി. കുന്നിക്കോട് പച്ചിലവളവിൽ ലോട്ടറി വിൽപ്പന നടത്തുന്ന ഇളമ്പൽ കടശ്ശേരി ബഥേൽ ഹൗസിൽ ജോയി(73) ആണ് കബളിക്കപ്പെട്ടത്. ബൈക്കിലെത്തിയ ആൾ ആദ്യം ജോയിയിൽ നിന്നും ഒരു ടിക്കറ്റ് പണം നൽകി വാങ്ങി. തുടർന്ന് ചൊവ്വാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ തിരുത്തിയ ടിക്കറ്റുകൾ നൽകി ഫലം നോക്കാൻ ആവശ്യപ്പെട്ടു.
എഫ്.ഡി. 706955- എന്ന ടിക്കറ്റിലെ അവസാനത്തേതിന് മുമ്പുള്ള നമ്പർ തിരിച്ചറിയാനാവാത്ത വിധം ആറാക്കി തിരുത്തിയായിരുന്നു ഇത്. തുടർന്ന് സമ്മാനത്തുകയ്ക്ക് പകരമായി വ്യാഴാഴ്ചത്തെ കാരുണ്യാ പ്ലസിന്റെ 64-ലോട്ടറികളും 700-രൂപയും ജോയിയിൽ നിന്നും കൈക്കലാക്കി. ജോയിയുടെ പണവും ലോട്ടറിയും തികയില്ലെന്ന് മനസിലായതോടെ ബാക്കിതുക വാങ്ങാൻ പിന്നീട് വരാമെന്നറിയിച്ച് മടങ്ങി. പിന്നീട് പുനലൂരിലെ ലോട്ടറി ഏജൻസി ഓഫീസിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തട്ടിയെടുത്ത 64-ടിക്കറ്റുകളിൽ ആറെണ്ണത്തിൽ അയ്യായിരം രൂപയുടെ വീതം സമ്മാനം ഉണ്ടായിരുന്നെന്നും ജോയി പറഞ്ഞു.
അർബുദ രോഗിയായ ജോയി അപകടത്തെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലാണ്. നടന്നു വിൽപ്പന നടത്താൻ കഴിയാത്തതിനാൽ ചികിത്സയ്ക്കും മരുന്നിനുമായി പച്ചിലവളവിൽ പാതയോരത്ത് ഇരുന്നാണ് വയോധികൻ കച്ചവടം നടത്തുന്നത്. ഇതിനിടെയാണ് തട്ടിപ്പ്.