ശാസ്താംകോട്ട: ഗതകാല സ്മരണകള്‍ ഉണര്‍ത്തി ശാസ്താംകോട്ട ചന്ത പഴയ സ്ഥലത്തേക്ക് തന്നെ മാറ്റി പ്രവര്‍ത്തനം തുടങ്ങി. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശാസ്താംകോട്ട ചന്ത പഴയ സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ ചന്ത പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥലം
ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനത്തിന് വേണ്ടി ഏറ്റെടുത്തതോടെയാണ് പഴയ സ്ഥലത്തേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങിയത്. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ശാസ്താംകോട്ട ചന്ത രാജ കേശവദാസന്‍ ദിവാന്‍ജിയുടെ കാലത്താണ് ചാല കമ്പോളത്തിനും ചങ്ങനാശ്ശേരി കമ്പോളത്തിനും ഒപ്പം ആരംഭിച്ചത്. കുന്നത്തൂരിന്റെയും സമീപദേശങ്ങളിലെയും കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക വിഭവങ്ങള്‍, പച്ചക്കറികള്‍, നെല്ല്, കശുവണ്ടി, കുരുമുളക് പോലുള്ള വാണിജ്യ വിഭവങ്ങള്‍, വീടുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍ ശാസ്താംകോട്ട കായലിലെ മല്‍സ്യങ്ങള്‍, മറ്റ് കടല്‍ മത്സ്യങ്ങള്‍, കോഴി, കോഴിമുട്ട, വെറ്റില, പാക്ക്, ചുണ്ണാമ്പ് തുടങ്ങി എന്തും ഏതും വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഏറെ പേരുകേട്ടതായിരുന്നു.
രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് ഓരോ സാധനങ്ങള്‍ വില്‍ക്കുന്നതിന് പോലും നിശ്ചിത സ്ഥലമുണ്ടായിരുന്നു. ഉപ്പ് തെരുവ്, മീന്‍ തെരുവ്, കുലതെരുവ്, ചീനി തെരുവ്, തേങ്ങാ തെരുവ് തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. ആഴ്ചയിലെ ബുധന്‍, ശനി എന്നീ ദിവസങ്ങളിലായിരുന്നു ചന്ത. വിദൂരദേശങ്ങളില്‍ നിന്നു പോലും ഇവിടെ സാധനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ആളുകള്‍ എത്തിയിരുന്നു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ പ്രധാന വരുമാനത്രോതസ് കൂടിയായിരുന്ന ചന്ത 2006-ല്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് വേണ്ടി കൈമാറിയതോടെ ചന്തയുടെ പ്രസക്തി നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ ഡിപ്പോ യാഥാര്‍ഥ്യമായില്ല. അതേ സമയം ഈ വസ്തുവിന്റെ ഉടമസ്ഥത സംബന്ധിച്ച് റവന്യു വകുപ്പു അവകാശവാദമുയര്‍ത്തിയതോടെ ചന്തയുടെ തറ ലേലം ഉള്‍പ്പെടെ ആര് നടത്തുമെന്നതിലും തര്‍ക്കമുണ്ട്.