സ്കൂള്‍അടച്ചാല്‍ കണ്‍സഷനും അടയ്ക്കും

Advertisement

വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിച്ച് ജില്ലയിലെ സ്വകാര്യ ബസുകൾ

കുന്നത്തൂർ :ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിക്കുന്നതായി വ്യാപക പരാതി.മാർച്ച് 31ന് സ്കൂളുകൾ അടച്ചതിനു ശേഷമാണ് കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കൺസഷൻ നിഷേധിക്കുന്നത്.റ്റി.റ്റി.സി,ബി.എഡ്, ഐ.ടി.ഐ ഉൾപ്പെടെയുള്ള കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ വെക്കേഷൻ കാലത്തും മുടക്കമില്ലാതെ ക്ലാസ്സ് നടന്നു വരികയാണ്.ബിരുദ -ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പരീക്ഷയും ക്ലാസ്സും നടക്കുന്നു.

ഇതിനാൽ വിദ്യാർത്ഥികൾക്ക് പതിവു പോലെ കൺസഷൻ നൽകണമെന്ന ഉത്തരവും നിലനിൽക്കുന്നു.എന്നാൽ ഇത് ലംഘിച്ചാണ് ചില സ്വകാര്യ ബസുകളിലെ ജീവനക്കാർ വിദ്യാർത്ഥികളോട് പെരുമാറുന്നത്.വിദ്യാർത്ഥികളെ കൊണ്ട് ഫുൾ ടിക്കറ്റ് എടുപ്പിക്കുകയും ഇതിന് തയ്യാറാകാത്തവരെ മറ്റ് യാത്രക്കാർ കേൾക്കെ അധിക്ഷേപിക്കുകയും ചെയ്യുന്നത് പതിവാണ്.പെൺകുട്ടികളാണ് കൂടുതലായും ഇത്തരം അധിക്ഷേപത്തിന് വിധേയരാകുന്നത്.കൊട്ടാരക്കര – ഭരണിക്കാവ് – കരുനാഗപ്പള്ളി,ഭരണിക്കാവ് – ചാരുംമൂട്,കുണ്ടറ -ഭരണിക്കാവ്, ചവറ – അടൂർ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ കൺസഷൺ നിഷേധവും അധിഷേപവും പതിവാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.ഏപ്രിൽ ഒന്നു മുതൽ സ്ഥിരമായി കൺസഷൺ നിഷേധിച്ചു കൊണ്ടാണ് ചില ബസുകൾ സർവ്വീസ് നടത്തുന്നത്.കോവിഡ് കാലത്തുണ്ടായ വരുമാന നഷ്ടം തിരിച്ചു പിടിക്കാനാണ് വിദ്യാർത്ഥികളോട് ഇത്തരത്തിൽ പെരുമാറുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്

മാർച്ച് 31ന് ശേഷം വിദ്യാർത്ഥികൾക്ക് യാത്രാ ആനുകൂല്യം നൽകേണ്ട എന്നത് സ്വകാര്യ ബസ് ജീവനക്കാരുടെ മിഥ്യാധാരണ മാത്രമാണെന്നാണ് ഗതാഗത വകുപ്പ് അധികൃതർ പറയുന്നത്.അവധിക്കാലത്ത് ട്യൂഷന് പോകുന്ന സ്ക്കൂൾ കുട്ടികൾക്ക് യാത്രാ ആനുകൂല്യം നൽകേണ്ടതില്ല.എന്നാൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിക്കാനും പാടില്ല.സംശയമുള്ള ജീവനക്കാർക്ക് വിദ്യാർത്ഥികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം യാത്രാ ആനുകൂല്യം നൽകേണ്ടതുമാണ്.അതിനിടെ വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ന്യായമായ ആനുകൂല്യം അനുവദിക്കാത്ത സ്വകാര്യ ബസുകൾ വഴിയിൽ തടയുമെന്ന് കെ.എസ്.യു അറിയിച്ചു.

ചില സ്വകാര്യ ബസുകളിൽ മാർച്ച് 31ന് ശേഷം വിദ്യാർത്ഥികൾക്ക് യാത്രാ ആനുകൂല്യം നിഷേധിക്കുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിക്കുന്ന സ്വകാര്യ ബസുകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും കുന്നത്തൂർ ജെ.ആർ.ടി.ഒ ആർ.ശരത്ചന്ദ്രൻ അറിയിച്ചു.കൺസഷൻ നിഷേധിക്കുന്ന ബസുകൾക്കെതിരെ വിദ്യാർത്ഥികൾക്ക് ഗതാഗത വകുപ്പ് ഓഫീസുകളിൽ പരാതി നൽകാമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement