കൊല്ലം.പോലീസ് പിടിയില്‍ നിന്നും കൈവിലങ്ങുമായി ചാടിപ്പോയ ക്രിമിനല്‍ക്കേസിലെ പ്രതി പിടിയിലായി. കരിക്കോട് പൗര്‍ണമി നഗറില്‍ തട്ടാന്‍തറ വീട്ടില്‍ ഗോപു(30) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. യുവതിയേയും ഭര്‍ത്താവിനേയും സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ ഇയാളെ അറസ്റ്റ് ചെയ്ത് വിലങ്ങ് അണിയിച്ചപ്പോള്‍ പ്രതി പോലീസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന്‍റെ സഹായത്തോടെ കൈവിലങ്ങ് മുറിച്ച് മാറ്റിയ ശേഷം രഹസ്യ സങ്കേതത്തില്‍ ഒളിവില്‍ കഴിഞ്ഞ് വരികയുമായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടാനായത്.
ഇയാളെ കൈവിലങ്ങ് മുറിച്ച് രക്ഷപെടാന്‍ സഹായിച്ച സുഹൃത്തായ കരിക്കോട് കോയിപ്പള്ളി തൊടിയില്‍ അനന്തു, ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കിയ വടക്കേവിള, കോളേജ് നഗര്‍, നസീലാ മന്‍സിലില്‍ അല്‍ത്താഫ്, മങ്ങാട് ചുമടുതാങ്ങിമുക്കില്‍ മഠത്തില്‍തൊടി വീട്ടില്‍ അലക്സാണ്ടര്‍ എന്നിവരും ഇയാളോടൊപ്പം പോലീസ് പിടിയിലായി.
സ്ത്രീകളെ ആക്രമിച്ച് മാനഹാനിപ്പെടുത്തിയതടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗിരീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ സുഖേഷ്, എ.എസ്.ഐ സന്തോഷ്, സിപിഒ മാരായ പ്രശാന്ത്, ശ്യാം ശേഖര്‍, ബിജേഷ് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു.