കരുനാഗപ്പള്ളി. മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി എം.ബി.എ വിദ്യാര്‍ത്ഥി പോലീസ് പിടിയില്‍. നെടുവത്തൂര്‍, കോട്ടാത്തല, അമല്‍വിഹാറില്‍, അമല്‍ ലാല്‍(25) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ കരുനാഗപ്പള്ളി പടതെക്ക് ബസ്സ് സ്റ്റോപ്പില്‍ നിന്നുമാണ് ഇയാളെ കരുനാഗപ്പള്ളി പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
ഇയാള്‍ ബാംഗ്ലുരില്‍ എം.ബി.എ വിദ്യാര്‍ത്ഥിയാണ്. ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അഡ്മിഷന്‍ വാങ്ങി നല്‍കുന്ന ഏജന്‍റായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ വിദ്യാര്‍ത്ഥികളുമായി ബന്ധം സ്ഥാപിച്ച ശേഷം ഇവരെ ലഹരിക്ക് അടിമയാക്കുകയും, ഇവരെ ഉപയോഗിച്ച് എം.ഡി.എം.എ പോലുളള ലഹരി വസ്തുക്കള്‍ ആവശ്യക്കാരിലേക്ക് എത്തിച്ച് നല്‍കുകയുമായിരുന്നു. ഇയാള്‍ സ്ഥിരമായി ബാംഗ്ലൂരില്‍ നിന്നും ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ചു വിതരണം ചെയ്യുന്നു എന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി ഡാന്‍സാഫ് ടീമിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു ഇയാള്‍.
അടിവസ്ത്രത്തിലും മറ്റും രഹസ്യ അറകള്‍ നിര്‍മ്മിച്ച് ലഹരി വസ്തുക്കള്‍ ചെറിയ പൊതികളിലാക്കി ഒളിപ്പിച്ചാണ് ഇയാള്‍ നാട്ടില്‍ എത്തിച്ചിരുന്നത്. കര്‍ണ്ണാടകയില്‍ നിന്ന് ലഹരി മരുന്നുമായി എത്തിയ ഇയാളെ പട തെക്ക് ബസ്സ് സ്റ്റാന്‍റില്‍ നിന്നും ഡാന്‍സാഫ് ടീമും കരുനാഗപ്പള്ളി പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. വിശദമായ ദേഹപരിശോധനയിലാണ് വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയില്‍ 3.66 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. പിടികൂടിയ എം.ഡി.എം.എ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണര്‍ വി എസ് പ്രദീപ്കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു.വി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ തോമസ്, ശരത്ചന്ദ്രപ്രസാദ്, എസ്.സി.പി.ഒ മാരായ രാജീവ്, പ്രമോദ് എന്നിവരും സ്പെഷ്യല്‍ ബ്രഞ്ച് എസ്.ഐ ആര്‍.ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്സിപിഒ മാരായ സജു, സീനു, മനു, രിപു, രതീഷ്, എന്നിവരുമടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.