കവര്‍ച്ച കേസിലെ പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

Advertisement

അഞ്ചല്‍ : വീടിന്‍റെ കതക് പൊളിച്ചു ഉള്ളില്‍ കടന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ താലി മാല കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍. വര്‍ക്കല പെരുംകുളം ആലുവിള വീട്ടില്‍ വേടന്‍ ബൈജു എന്ന് വിളിക്കുന്ന ബൈജു (42) വാണ് അഞ്ചല്‍ പോലീസിന്‍റെ പിടിയിലായത്. 2008 സെപ്റ്റംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഞ്ചല്‍ വടമന്‍ കോമളം മുകളുവിള വീട്ടില്‍ രാജന്‍റെ വീട്ടില്‍ പുലര്‍ച്ചയോടെ എത്തിയ ബൈജു അടങ്ങുന്ന നാലംഗസംഘം വീടിന്‍റെ കതക് തകര്‍ത്ത് ഉള്ളില്‍ കടക്കുകയും ഉറങ്ങിക്കിടന്ന രാജന്‍റെ ഭാര്യയുടെ രണ്ടുപവന്‍ തൂക്കം വരുന്ന മാലയും താലിയും കവര്‍ച്ച ചെയ്യുകയുമായിരുന്നു.

വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് വര്‍ക്കല പെരുംകുളം സ്വദേശികളായ അന്‍സില്‍, ജോഷി, പാരിപ്പള്ളി കടമ്പാട്ട്കോണം സ്വദേശി രതീഷ്‌ എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. കേസില്‍ പലതവണ ബൈജുവിനെ പിടികൂടാന്‍ പോലീസ് ശ്രമിച്ചു എങ്കിലും നടന്നില്ല. തുടര്‍ന്ന് 2015 പുനലൂര്‍ കോടതി ബൈജുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബൈജുവിനെ നിരീക്ഷിച്ചുവന്ന അഞ്ചല്‍ പോലീസ് വര്‍ക്കല കുന്നത്തുമല കോളനിയില്‍ നിന്നും ഇന്നലെ രാവിലെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ കവര്‍ച്ച പിടിച്ചുപറി അടിപിടി അടക്കം 30 ഓളം കേസില്‍ ബൈജു പ്രതിയാണ് എന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, എസ്.ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു, സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു

Advertisement